ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പുതിയ ഇലക്ട്രല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ബോണ്ട് വില്‍പ്പന സ്റ്റേ ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് ആണ് ഇലക്ട്രല്‍ ബോണ്ടിന്റെ പുതിയ ഗഡുവിന്റെ വില്‍പന നിശ്ചയിച്ചിരിക്കുന്നത്.
ഇലക്ട്രല്‍ ബോണ്ടിന്റെ സാധുത ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. ഈ സാഹചര്യത്തില്‍ കേരളവും ബംഗാളും ഉള്‍പ്പടെ ഉളള നിയമസഭാ തിരെഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ബോണ്ട് വില്‍പ്പന സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ ആവശ്യം.
എന്നാല്‍ 2018 ലും, 2019 ലും തടസങ്ങള്‍ കൂടാതെ ബോണ്ട് വില്‍ക്കാന്‍ അനുവദിച്ചതാണെന്നും അതിനാല്‍ ഇപ്പോള്‍ വില്‍പ്പന സ്റ്റേ ചെയ്യാന്‍ കഴിയില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി.