രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച… കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ തൃണമൂലാക്കി മാറ്റാനുള്ള ദൗത്യത്തിലാണിപ്പോള്‍ മമതാ ബാനര്‍ജി. ബംഗാള്‍ മുഖ്യമന്ത്രിയുടെ ഈ നീക്കം രാഹുല്‍ ഗാന്ധിയുടെ ചങ്കിടിപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. മേഘാലയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഒന്നടങ്കം തൃണമൂല്‍ കോണ്‍ഗ്രസ്സ് ആയതോടെ പ്രതിപക്ഷ പദവി കൂടിയാണ് കോണ്‍ഗ്രസ്സിനു നഷ്ടമായിരിക്കുന്നത്. ഇവിടെ ആകെയുള്ള 17 കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുള്‍പ്പെടെ 12 പേരെയും ഒറ്റ രാത്രി കൊണ്ടാണ് മമത തൃണമൂല്‍ ആക്കി മാറ്റിയിരിക്കുന്നത്.
അസം, യുപി, ഗോവ, ത്രിപുര, ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങളിലും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ഉള്‍പ്പെടെ റാഞ്ചാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. പോരാളിയായി മമതയെ ചിത്രീകരിച്ചു കൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നുള്ളവരെ തൃണമൂല്‍ സ്വാഗതം ചെയ്യുന്നത്. കൂറു മാറി വരുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ രാജ്യസഭ സീറ്റുകളും മമത നല്‍കി തുടങ്ങിയിട്ടുണ്ട്.
ബംഗാളിനു പുറത്തേക്കു സ്വാധീനം വര്‍ധിപ്പിക്കാന്‍ ആദ്യം വേണ്ടത് മറ്റു സംസ്ഥാനങ്ങളില്‍ പിടിമുറുക്കുയാണെന്ന തിരിച്ചറിവിലാണ് മമത കരുനീക്കങ്ങള്‍ നടത്തി വരുന്നത്. അവരുടെ ലക്ഷ്യം 2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് തന്നെയാണ്.
ഉത്തരേന്ത്യയില്‍ മാത്രമല്ല മമത ഈ തന്ത്രം പയറ്റുന്ന സംസ്ഥാനങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉണ്ട്. കേരളത്തില്‍ എ.വി ഗോപിനാഥ് മുതല്‍ മാണി സി കാപ്പന്‍ വരെ തൃണമൂലിന്റെ ലിസ്റ്റില്‍ ഉണ്ടെങ്കിലും മമത ഏറെ ആഗ്രഹിക്കുന്നത് പഴയ തന്റെ ‘ബോസിന്റെ’ സാന്നിധ്യമാണ്. അതാകട്ടെ മറ്റാരുമല്ല സാക്ഷാല്‍ രമേശ് ചെന്നിത്തല തന്നെയാണ്. യൂത്തു കോണ്‍ഗ്രസ്സില്‍ രമേശ് ചെന്നിത്തല ആയിരുന്നു മമതയുടെ നേതാവ്. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ അദ്ധ്യക്ഷനായി രമേശ് ചെന്നിത്തല പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ അദ്ദേഹത്തിനു കീഴില്‍ സഹ ഭാരവാഹിയായിരുന്നു മമത. യൂത്തു കോണ്‍ഗ്രസ്സിന്റെ ഏറ്റവും ശക്തനായിരുന്ന ഈ മുന്‍ അദ്ധ്യക്ഷന്‍ തന്റെ ഒപ്പം ഉണ്ടാകണമെന്നതാണ് മമത ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ചെന്നിത്തല അനുകൂലമായി പ്രതികരിച്ചാല്‍ മമത തന്നെ അദ്ദേഹവുമായുള്ള ചര്‍ച്ചയ്ക്ക് നേരിട്ടെത്തും.
സ്വന്തം പാര്‍ട്ടിയില്‍ പോലും ചെന്നിത്തല അവഗണിക്കപ്പെടുമ്പോള്‍ മമത കൂടുതല്‍ കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് രാജ്യത്ത് നിലവില്‍ ദൃശ്യമാകുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.പിയായും സംസ്ഥാന മന്ത്രിയായും പ്രതിപക്ഷ നേതാവായും ഒടുവില്‍ ഒന്നുമല്ലാതായും ചെന്നിത്തല ചുരുങ്ങിയെങ്കില്‍ മമതയുടെ വളര്‍ച്ച റോക്കറ്റ് വേഗത്തിലാണ് നടന്നിരിക്കുന്നത്. കോണ്‍ഗ്രസ്സ് വിട്ട് പശ്ചിമബംഗാള്‍ ഭരണം പിടിച്ച മമത രാജ്യത്തെ കോണ്‍ഗ്രസ്സിനെ തന്നെ, തൃണമൂലാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് അണിയറയില്‍ നടത്തി കൊണ്ടിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ വിലപേശല്‍ രാഷ്ട്രീയത്തിലൂടെ പ്രധാനമന്ത്രി പദമാണ് മമത ലക്ഷ്യമിടുന്നത്. അതല്ലെങ്കില്‍, ഉപപ്രധാനമന്ത്രി പദം അവര്‍ ആഗ്രഹിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ കുറയ്ക്കുക എന്നത് അതുകൊണ്ടു തന്നെ ബി.ജെ.പിയേക്കാള്‍ ഇപ്പോള്‍ മമതയുടെ ആവശ്യമായാണ് മാറിയിരിക്കുന്നത്. കേരളത്തിലും കോണ്‍ഗ്രസ്സിന്റെ തിരിച്ചടി അവര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരളത്തില്‍ തൃണമൂല്‍ ഘടകം വരണമെന്നതാണ് മമതയുടെ ഇപ്പോഴത്തെ ആഗ്രഹം. മുറിവേറ്റ ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും മമത ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇതിനു ഈ നേതാക്കള്‍ നിന്നു കൊടുത്താല്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂലിനെ മാറ്റാമെന്നതാണ് കണക്കു കൂട്ടല്‍. തൃണമൂല്‍ ഉള്‍പ്പെട്ട ഒരു മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രിപദവും കേരള നേതാക്കള്‍ക്ക് നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് തയ്യാറാണ്. ഈ ഓഫര്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചാല്‍ അതു കേരള രാഷ്ട്രീയത്തെ തന്നെയാണ് മാറ്റി മറിക്കുക.
അതേസമയം കെ.സുധാകരനും വി.ഡി സതീശനും നയിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിന് ഒരു തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള ശേഷി ഉണ്ടോ എന്ന കാര്യത്തില്‍ ആ മുന്നണിയിലെ നേതാക്കള്‍ക്കു തന്നെ നിലവില്‍ സംശയമുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ നിരവധി തിരഞ്ഞെടുപ്പുകളില്‍ മുന്നണിയെ വിജയിപ്പിച്ച ചരിത്രമാണ് ചെന്നിത്തലയ്ക്കുള്ളത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇപ്പോഴും ”ക്രൗഡ് പുള്ളര്‍” ഉമ്മന്‍ ചാണ്ടി മാത്രമാണ്. ആന്റണിക്കു പോലും ഇതുവരെ ഒരു മാസ് ലീഡര്‍ ആകാന്‍ കഴിഞ്ഞിട്ടില്ല.
പൊതു സമൂഹത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാധീനമൊന്നും വി.ഡി സതീശനും കെ.സുധാകരനും ഇല്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കെ.സി വേണുഗോപാല്‍ ലാന്‍ഡ് ചെയ്താലും തിരഞ്ഞെടുപ്പില്‍ വിജയിക്കുക പ്രയാസമാണ്. എ ഐ ഗ്രൂപ്പുകള്‍ ‘പാര’ വച്ചാല്‍ സതീശനും സുധാകരനും പോലും സഭ കാണുകയില്ല. അക്കാര്യവും വ്യക്തമാണ്. ഉമ്മന്‍ ചാണ്ടി തൃണമൂല്‍ ആയാലും ഇല്ലെങ്കിലും അദ്ദേഹവും ചെന്നിത്തലയും ഇടഞ്ഞാല്‍ യു.ഡി.എഫിന്റെ അവസ്ഥയാണ് കൂടുതല്‍ ദുര്‍ബലമാകുക. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളാണ് യു.ഡി.എഫ് നേടിയിരുന്നത്. ഇത്തവണ ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ ഒരിക്കലും യു.ഡി.എഫിനു കഴിയുകയില്ല. 15 സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതുപക്ഷവും മുന്നോട്ടു പോകുന്നത്.
എത്ര സീറ്റുകള്‍ യു.ഡി.എഫിനു കുറഞ്ഞാലും അത് നിലവിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ് തിരിച്ചടിയാവുക. സുധാകരനും സതീശനും പ്രതിരോധത്തില്‍ ആവാന്‍ പോകുന്നതും ഈ അവസ്ഥയിലായിരിക്കും. ഈ ഒരു അവസരത്തിനായാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ കാത്തിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും നേതൃമാറ്റം ഉണ്ടായില്ലങ്കില്‍, മമതക്കൊപ്പം നീങ്ങാന്‍ തന്നെ ആയിരിക്കും കോണ്‍ഗ്രസ്സിലെ ഈ പ്രബല വിഭാഗവും തീരുമാനിക്കുക. രാഷ്ട്രീയ നിരീക്ഷകരും ഇത്തരമൊരു സാധ്യത തന്നെയാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് …
EXPRESS KERALA VIEW