ചെന്നൈ : പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയും പ്രസാദ് സ്റ്റുഡിയോസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. കേസുകൾ ഇളയരാജ പിൻവലിച്ചതോടെ ഒരു ദിവസം സ്റ്റുഡിയോയിൽ ധ്യാനമിരിക്കാൻ അനുവദിക്കാമെന്ന് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചു. സ്റ്റുഡിയോ ഒഴിഞ്ഞ് സംഗീത സാമഗ്രികൾ മാറ്റാമെന്ന് ഇളയരാജയുടെ അഭിഭാഷകനും സമ്മതിച്ചു.
ഐടി കമ്പനിക്ക് സ്ഥലം വാടകയ്ക്കു നൽകാൻ തീരുമാനിച്ചതോടെയാണ് റിക്കോർഡിങ് സ്റ്റുഡിയോ ഒഴിയാൻ ഉടമകൾ ഇളയരാജയോട് ആവശ്യപ്പെട്ടത്. എന്നാൽ, സ്ഥാപകൻ എൽ.വി. പ്രസാദുമായി വാക്കാൽ കരാറുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം സ്റ്റുഡിയോ ഒഴിയില്ലെന്ന നിലപാടെടുത്തു. തുടർന്ന് പ്രവേശനം നിഷേധിച്ചതോടെ തന്റെ സംഗീത സാമഗ്രികൾ ലോക്ഡൗൺ കാലത്തു മറിച്ചുവിറ്റതായും മനോവിഷമമുണ്ടായതായും പരാതിപ്പെട്ട് ഇളയരാജ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.