കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനായി ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് യോഗം ചേരും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി കൈക്കൊള്ളേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ചചെയ്യും. യാക്കോബായ സഭയുടെ ഇടത് അടുപ്പം കൂടി പരിഗണിച്ചാകും തീരുമാനം. കഴിഞ്ഞ ദിവസം ഓര്‍ത്തോഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ പാണക്കാട് എത്തിയിരുന്നു.
സര്‍ക്കാര്‍ നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. സഭാതര്‍ക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതും യാക്കോബായ വിഭാഗം എല്‍ഡിഎഫിനോട് സ്വീകരിക്കുന്ന അനുകൂലനിലപാടും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ രാഷ്ട്രീയ നിലപാട് യാക്കോബായ വിഭാഗത്തിന്റെ ഇടത് അനുകൂല നിലപാടിനു വിരുദ്ധമാകാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ അത് യുഡിഎഫിന് അനുകൂലമാകുമോ അതോ എന്‍ഡിഎയ്ക്ക് അനുകൂലമാകുമോ എന്നാണ് അറിയാനുള്ളത്.