അങ്കാറ: തുർക്കിയിലെ ഇസ്താംബുളിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ അറസ്റ്റിൽ. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ള, തിരക്കേറിയ നഗര പ്രദേശമായ ടാക്സിം സ്ക്വയറിലാണ് ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിന് തൊട്ടുമുൻപ് സ്ഥലത്തെത്തി ഒരു പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിച്ചുപോയ സ്ത്രീയെയാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് നിഗമനം. ‘സ്‌ഫോടനം നടക്കുന്നതിന് മുമ്പ് 40 മിനിറ്റോളം ഒരു സ്ത്രീ ഇവിടെ ബെഞ്ചിൽ വന്നിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവർ എഴുന്നേറ്റ് പോയി രണ്ട് മിനിറ്റിനകമാണ് സ്‌ഫോടനമുണ്ടായത്. ഇവർ ഒരു പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിച്ചാണ് മടങ്ങിയത്. ബാഗ് സ്വയം പൊട്ടിത്തെറിക്കുന്ന രീതിയിലോ ദുരെ നിന്ന് മറ്റാരെങ്കിലും നിയന്ത്രിക്കുന്ന രീതിയിലോ ആയിരിക്കാം സ്‌ഫോടനം അരങ്ങേറിയത്’, അധികൃതർ പറഞ്ഞു. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്സിം സ്ക്വയർ. ഇവിടെയുള്ള പ്രമുഖ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്‌ലാൽ തെരുവിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. 81 പേർക്ക് പരിക്കേറ്റു. ഇതിൽ 39 പേരെ ഡിസ്ചാർജ്ജ് ചെയ്തെന്നും ആശുപത്രിയിലുള്ള 42 പേരിൽ അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നുമാണ് വിവരം.