ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്.ഈ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍) വ്യക്തമാക്കി. സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായി വരുന്ന അപ്ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേര്‍ഷനിലേക്ക് മാറാവുന്നതാണ്.
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ഈ പ്രശ്‌നങ്ങള്‍ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനുമാകും.
ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ പുതിയ അപ്ഡേറ്റ് ഇറക്കിയത്. പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ അപ്ഡേറ്റിന് 22 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇവയില്‍ ഭൂരിഭാഗവും കണ്ടെത്തിയത് പുറമേനിന്നുള്ള ഗവേഷകരാണെന്നും അവര്‍ വ്യക്തമാക്കി.
ഗൂഗിള്‍ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുറക്കുക
വലത് വശത്ത് മൂലയില്‍ കാണുന്ന ത്രീ ഡോട്ട് മെനു ക്ലിക്ക് ചെയ്യുക
Settings – About Chrome തുറക്കുക
ക്രോം വേര്‍ഷന്‍ ഓട്ടോ മാറ്റിക് ആയി അപ്‌ഡേറ്റ് ആവും
അപ്‌ഡേറ്റ് പൂര്‍ത്തിയായതിന് ശേഷം ബ്രൗസര്‍ റീലോഞ്ച് ചെയ്യുക.