തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതികരണമറിയിച്ച് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല. സർക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുൻ പ്രതിപക്ഷ നേതാവ്. പാർട്ടിക്ക് തന്നെ സർക്കാരിൽ മതിപ്പില്ല. നിയമസഭ കയ്യാങ്കളിക്കേസ് അട്ടിമറിക്കാന്‍ സർക്കാരിനെ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി ശിവന്‍കുട്ടിക്ക് വിചാരണ നേരിടാതെ വേറെ വഴിയില്ല. നിയമപോരാട്ടം തുടരും. മന്ത്രിയുടെ രാജി ഇപ്പോള്‍ ആവശ്യപ്പെടില്ല. സഭക്ക് ഉള്ളിലും പുറത്തും നടന്നാലും ക്രിമിനൽ കുറ്റമാണ്. പുനഃസംഘടന കൊണ്ട് ഗുണപരമായ മാറ്റം സർക്കാരിന് ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മന്ത്രിമാര്‍ പരാജയമാണെന്ന വിമർശനം അംഗീകരിക്കുന്ന തരത്തിലേക്ക് പോകേണ്ടതില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ അഴിച്ച് പണിയിലേക്ക് സി.പി.എം കടക്കാതിരുന്നത്. പാർലമെന്‍ററി രംഗത്ത് മികച്ച ഇടപെടല്‍ നടത്തിയിട്ടുള്ള എം.ബി രാജേഷിന്റെ വരവോടെ മന്ത്രിസഭ കൂടുതല്‍ മെച്ചപ്പെടുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.