റിയാദ്: ഐടി, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ 25 ശതമാനം ജോലികള്‍ സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത് കമ്മ്യൂണിക്കേഷന്‍, ഐടി എഞ്ചിനീയറിംഗിനു പുറമെ, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നീ മേഖലകളിലും സൗദിവല്‍ക്കരണം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
പുതിയ വ്യവസ്ഥ പ്രകാരം ഈ മേഖലകളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലിലൊന്നു പേര്‍ സൗദി പൗരന്‍മാരായിരിക്കണം. ചെറിയ സ്ഥാപനങ്ങളെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ 9000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. പ്രത്യേക സ്‌പെഷ്യലൈസേഷന്‍ ആവശ്യമായ ജോലികളാണെങ്കില്‍ ചുരുങ്ങിയത് 7000 റിയാല്‍ ശമ്പളം നല്‍കണം. സാങ്കേതിക ജ്ഞാനം ആവശ്യമുള്ള ഫീല്‍ഡ് ജോലികളാണെങ്കില്‍ 5000 റിയാലായിരിക്കും അടിസ്ഥാന ശമ്പളം.