ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വർഷം

ഡല്‍ഹി: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനം ഇന്ന്. ചൈനയിലെ വുഹാനില്‍ നിന്നെത്തി, കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് 2020 ജനുവരി 30ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ സ്രവം പുണെയിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് പെണ്‍ക്കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സ്രവ പരിശോധനാ ഫലം മൂന്ന് തവണ നെഗറ്റീവ് ആയ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുമ്പോള്‍ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു. പ്രവാസികള്‍ക്ക് ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍, റൂട്ട് മാപ്പ് തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തില്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റി.

മഹാമാരിയെ എങ്ങനെ നേരിടുമെന്നതിലെ ആശയക്കുഴപ്പം എല്ലായിടത്തും ദൃശ്യമായിരുന്നു. ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കം അതിന് തെളിവാണ്. പ്രത്യേക സാനപത്തിക പാക്കേജ് പ്രഖ്യാപിച്ചും വന്ദേഭാരത് പദ്ധതിയിലൂടെ വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനും ഇതിനിടെ സര്‍ക്കാര്‍ മുന്നിട്ടറങ്ങി.

ലോക്ഡൗണ്‍, ഹോട്ട്‌സ്‌പോട്ട്, മാസ്‌ക്, സാനിറ്റൈസര്‍ എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. ആദ്യഘട്ടത്തിലെ കരുതല്‍ ഓണാഘോഷത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും കൈവിട്ടതോടെ ഒരു കൊല്ലത്തോളം കോവിഡ് ഏറിയും കുറഞ്ഞും മലയാളിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കി.

ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് എണ്‍പത്തിനാല് ശതമാനവും പൂര്‍ത്തിയാക്കാനായത് നേട്ടമായി. ഡിസംബറില്‍ അടങ്ങുന്നുമെന്ന് തോന്നിപ്പിച്ചതിനു പിന്നാലെയായിരുന്നു ഒമിക്രോണിന്റെ കടന്നാക്രമണം. ആദ്യ ദിനങ്ങളില്‍ ഗൗരവത്തോടെ എടുക്കാതിരുന്നതോടെ അതിവ്യാപനമായി. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം കടുക്കാത്തത് ആശ്വാസമായി.

രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വൈറസിന്റെ വകഭേദങ്ങള്‍ ഡെല്‍റ്റയായും ഒമിക്രോണായും പരിണമിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുന്‌പോള്‍ വാക്‌സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ വിതരണം ഇന്ന് എത്തി നില്‍ക്കുന്നത് 165 കോടി ഡോസിലാണ്. രണ്ട് ഡോസ് വാക്‌സിന് ശേഷം കരുതല്‍ ഡോസ് വിതരണം ചെയ്യാന്‍ രാജ്യം ആരംഭിച്ച് കഴിഞ്ഞു.

 

Top