മമ്മൂട്ടി സിനിമയില്‍ എത്തിയിട്ട് 51 വര്‍ഷങ്ങള്‍

ലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്നേയ്‍ക്ക് വര്‍ഷം 51 കഴിയുന്നു. ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത സിനിമയില്‍ ‘മാധവൻകുട്ടി’ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ തന്നെയാണ് മമ്മൂട്ടി തന്റെ ആദ്യ സിനിമയായി കണക്കാക്കുന്നതും. അന്നത്തെ ജൂനിയര്‍ പയ്യനില്‍ നിന്ന് ഇന്നത്തെ സിനിമാ വസന്തം വരെയുള്ള കാലയളവില്‍ ഓരോ മലയാളി സിനിമ പ്രേക്ഷകന്റെ മനസിലും ഒരായിരം ഭാവങ്ങളാണ് മമ്മൂട്ടിയുടേതായിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത് ആദ്യമായി ഏറ്റുവാങ്ങിയത് സത്യനാണ്. ഇന്നും നിത്യഹരിത നായകൻ എന്ന വിശേഷണത്തിന് അര്‍ഹൻ പ്രേം നസീറും. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായകരാണ് സത്യനും പ്രേം നസീറും. ഇവര്‍ രണ്ടുപേര്‍ക്കും പകരക്കാരനെന്ന പോലെ മലയാല സിനിമയിലേക്ക് കടന്നുവന്ന ആളാണ് മമ്മൂട്ടി. സത്യൻ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാട്ടിയത്. പ്രേം നസീര്‍ യാദൃശ്ചികമായി മമ്മൂട്ടിയെ പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്‍തു.

സത്യന്റെ അവസാന ചിത്രമായ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്‍തത് 1971 ഓഗസ്റ്റ് ആറിനാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെങ്കിലും മമ്മൂട്ടി മുഖം കാട്ടിയത് ‘അനുഭവങ്ങള്‍ പാളിച്ചകളിലാ’ണ്. അങ്ങനെ വരുമ്പോള്‍ തുടര്‍ന്നുവന്ന ‘കാലചക്രം’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിക്കുന്നത് ‘എനിക്ക് പകരം വന്ന ആളാണ് അല്ലേ’ എന്നായിരുന്നു.

ഇതൊക്കെ യാദൃശ്ചികമെങ്കിലും പിന്നീട് മമ്മൂട്ടി ഒരു അനുഭവമായി നിറയുകയായിരുന്നു മലയാളത്തില്‍. അഭിനയവൈഭവവും നായകത്വവും ഒരുപോലെ മമ്മൂട്ടിയില്‍ ശോഭിച്ചു. സത്യൻ ആദ്യമായി വാങ്ങിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി പല തവണ വാങ്ങി. പ്രേംനസീറിനെപ്പോലെ നിത്യഹരിതനായകനായി മമ്മൂട്ടി ഇന്നും തുടരുന്നു.

Top