തിരുവനന്തപുരം: ഇഷ്ടക്കാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ തിരുകി കയറ്റാനാണ് സംസ്ഥാന പൊലീസ് മേധാവി ശ്രമിക്കുന്നതെന്ന് ആരോപണം.
റെയ്ഞ്ചില്‍ ഡി.ഐ.ജി തസ്തിക തിരിച്ച് കൊണ്ടുവരുന്നത് നല്ല കാര്യമാണെങ്കിലും ഇതിനു പിന്നില്‍ ചില പ്രമോട്ടി ഐ.പി.എസുകാരെ പ്രതിഷ്ഠിക്കാന്‍ നീക്കം നടക്കുന്നതായാണ് ആക്ഷേപം. മൂന്നും നാലും ജില്ലകള്‍ അധികാര പരിധിയില്‍ വരുന്ന റെയ്ഞ്ചുകളില്‍ നേരിട്ട് ഐ.പി.എസ് നേടിയവരെ നിയോഗിക്കാതെ കണ്‍ഫേഡുകാരെ നിയമിച്ചാല്‍ ‘പണി’ പാളുമെന്നാണ് മുന്നറിയിപ്പ്.
യുവ ഐ.പി.എസുകാരായ എസ്.പിമാര്‍ക്ക് ‘പ്രമോട്ടി’ ഡി.ഐ.ജിമാരോട് താല്‍പ്പര്യം കുറവായതിനാല്‍ അത് പൊലീസ് ഭരണത്തെ ബാധിക്കുമെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
മറ്റു സംസ്ഥാനങ്ങളുടെ പാത പിന്‍തുടര്‍ന്ന് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കി വരുന്നതില്‍ എതിര്‍പ്പില്ലങ്കിലും 19 പൊലീസ് ജില്ലകളിലും ഡിവൈ.എസ്.പിമാരെ എസ്.എച്ച്.ഒമാരായി മാറ്റുവാനുള്ള നീക്കം ശരിയായ നടപടിയല്ലന്ന് സേനക്കകത്തും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.
അതേസമയം കമ്മീഷണര്‍ക്കു മജിസ്റ്റീരിയല്‍ അധികാരത്തോടെ കൊച്ചി സിറ്റിയില്‍ കമ്മീഷണറേറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് സേനയില്‍ പിന്തുണയുണ്ട്.
തിരുവനന്തപുരം സിറ്റിയിലും കമ്മീഷണറേറ്റ് രൂപീകരിക്കണമെന്നാണ് ആവശ്യം. ഡി.ജി.പിയുടെ ശുപാര്‍ശ നടപ്പായാല്‍ സോണലുകളില്‍ എ.ഡി.ജി.പിമാര്‍ക്ക് പകരം ഇനി ഐ.ജിമാര്‍ വരും.
മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ശുപാര്‍ശ നിയമസഭ സമ്മേളനം കഴിയുന്നതോടെയാവും സര്‍ക്കാര്‍ പരിഗണിക്കുക. ഇതോടൊപ്പം മുന്‍ ഡി.ജി.പിമാര്‍ നല്‍കിയ നിര്‍ദ്ദേശം കൂടി പരിഗണിച്ചായിരിക്കും അഴിച്ചുപണിയുണ്ടാകുക.
പൊലീസ് തലപ്പത്ത് നിയമനം നടത്തുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയേക്കാള്‍ ഓരോ ഉദ്യോഗസ്ഥന്റെയും ‘ബാക്ക് ഫയല്‍’ പരിശോധിച്ചു വേണം സര്‍ക്കാര്‍ തീരുമാനമെടുക്കാനെന്നാണ് സി.പി.എം നേതൃത്വത്തിന്റെയും നിലപാട്. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെയും മുന്‍പ് അച്ചടക്ക നടപടി നേരിട്ടവരെയും ഒഴിവാക്കണമെന്ന ആവശ്യം ഭരണപക്ഷ എം.എല്‍.എമാര്‍ക്കിടയിലും ഉണ്ട്.
റിപ്പോര്‍ട്ട്: എം വിനോദ്