തിരുവനന്തപുരം: ചെങ്ങന്നുര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും പരാജയപ്പെട്ടാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നില പരുങ്ങലിലാകും.
വിജയിച്ചാല്‍ മാത്രമല്ല കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടിയാലും ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും പിടിച്ചു നില്‍ക്കാന്‍ പറ്റും. തോറ്റാല്‍ പ്രതിപക്ഷ നേതാവെന്ന നിലയിലും യു.ഡി.എഫ് ചെയര്‍മാനെന്ന നിലയിലും രമേശ് ചെന്നിത്തലക്ക് മേലായിരിക്കും ഉത്തരവാദിത്വം മുഴുവന്‍. വിധി രണ്ടായാലും എം.എം ഹസ്സന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും തെറിക്കും.
കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായാല്‍ കെ.പി.സി.സിയെ തന്നെ പിരിച്ചുവിട്ട് പുതിയ പരീക്ഷണത്തിനു തന്നെ രാഹുല്‍ ഗാന്ധി തയ്യാറായേക്കും.
കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സിനെ ചെങ്ങന്നൂരിന്റെ മറവില്‍ യു.ഡി.എഫ് പാളയത്തിലെത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധി രമേശ് ചെന്നിത്തലയെ സംബന്ധിച്ച് വലിയ പ്രഹരമാണ്. യു.ഡി.എഫിലെ മറ്റൊരു പ്രബല ഘടകകക്ഷിയായ മുസ്ലീം ലീഗിനും പ്രിയം ഉമ്മന്‍ ചാണ്ടിയോടാണ്.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രതിപക്ഷ നേതാവായും ഉമ്മന്‍ ചാണ്ടി വരാന്‍ തീരുമാനിക്കുന്ന പക്ഷം രമേശ് ചെന്നിത്തലയുടെ തിരിച്ചടി തുടങ്ങും. ലീഗും മാണിയും ഉമ്മന്‍ ചാണ്ടി നേതൃരംഗത്തേക്ക് വരണമെന്ന നിലപാടുകാരാണ് അന്നും ഇന്നും.
സോളാര്‍ കേസില്‍ ചെന്നിത്തലയുടെ ‘ഇടപെടല്‍’ സംബന്ധിച്ച കണക്ക് എ ഗ്രൂപ്പിനെ സംബന്ധിച്ച് തീര്‍ക്കാന്‍ ബാക്കി കിടക്കുകയുമാണ്.
കെ.മുരളിധരനെയും കെ സുധാകരനെയും മുന്‍ നിര്‍ത്തി ഐ ഗ്രൂപ്പ് തന്നെ പൊളിച്ചടക്കാന്‍ ഉമ്മന്‍ ചാണ്ടി ഇതിനകം തന്നെ ശ്രമവും തുടങ്ങിയിട്ടുണ്ട്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതിനായി നീക്കങ്ങള്‍ ഊര്‍ജിതമാകും.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കിയാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വിജയവും പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെ കഴിവുകേടുമായിരിക്കുമെന്ന് ഇപ്പോള്‍ തന്നെ നേതാക്കള്‍ പരസ്പരം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല പരിപൂര്‍ണ്ണ പരാജയമാണെന്ന കാര്യത്തില്‍ യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കിടയിലും മറിച്ചൊരു അഭിപ്രായമില്ല. പ്രതികരിക്കാന്‍ ചെങ്ങന്നുര്‍ വിധി വരും വരെ കാത്തിരിക്കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തിലും അത് വ്യക്തമാണ്. ചെങ്ങന്നൂരില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടുമെന്നാണ് ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞത്.
അതേ സമയം ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ആരു വിജയിക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സി.പി.എമ്മും ,കോണ്‍ഗ്രസ്സും, ബി.ജെ.പിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തു കഴിഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും കേന്ദ്ര സര്‍ക്കാരുമാണ് കോണ്‍ഗ്രസ്റ്റിന്റെയും സി.പി.എമ്മിന്റെയും പ്രധാന പ്രചരണ വിഷയം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ച സി.പി.എം പ്രചരണത്തിനെതിരെ രൂക്ഷമായാണ് യു.ഡി.എഫ് – കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
എന്നാല്‍ ഹിന്ദുത്വ ശക്തികളുടെ പ്രിയങ്കരനാണ് ഈ സ്ഥാനര്‍ത്ഥിയെന്ന് പറഞ്ഞ് ആക്ഷേപം കൂടുതല്‍ ശക്തമാക്കി ആഞ്ഞടിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ ഇതിനു മറുപടി നല്‍കിവരുന്നത്. ഒരു വോട്ട് പോലും പാഴാക്കാതെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ മൂന്ന് പാര്‍ട്ടികളും പ്രത്യേക ക്രമീകരണങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം കൂടുതല്‍ സായുധ സേനയെയും ബൂത്തുകളില്‍ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.