ലണ്ടന്‍: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി കളിക്കുമ്പോള്‍ മറ്റൊരു താരത്തിന് ബലോന്‍ ദ് ഓര്‍ വിജയം പ്രയാസകരമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിംഗ് ഹാലണ്ട്. 2023ല്‍ ബലോന്‍ ദ് ഓര്‍ പട്ടികയില്‍ മെസ്സിക്ക് വെല്ലുവിളി ഉയര്‍ത്തിയ ഏക താരമാണ് ഹാലണ്ട്. എന്നാല്‍ ഹാലണ്ടിനെ പിന്നിലാക്കി മെസ്സി എട്ടാം തവണയും ബലോന്‍ ദ് ഓര്‍ വിജയിച്ചു. പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡും ഹാലണ്ടിനെ പരാജയപ്പെടുത്തി മെസ്സി സ്വന്തമാക്കി.
ഈ വിജയങ്ങളെല്ലാം തനിക്ക് ഇനിയും നേടണം. ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച താരമാണ് മെസ്സി. മറ്റൊരാള്‍ ആ സ്ഥാനത്ത് എത്തണമെങ്കില്‍ മെസ്സി വിരമിക്കുന്നത് വരെ കാത്തിരിക്കണമെന്നും ഹാലണ്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹാലണ്ട് മികച്ച ഫുട്‌ബോളറെ തിരഞ്ഞെടുത്തത്. 36കാരനായ മെസ്സി വിരമിക്കും മുമ്പ് ഫുട്‌ബോള്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. അത് തനിക്ക് അറിയില്ലെന്നും 23കാരനായ താന്‍ എല്ലാ ട്രോഫികളും മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം വിജയിച്ചുവെന്നും ഹാലണ്ട് പറഞ്ഞു.