ജനങ്ങൾക്കു പ്രിയപ്പെട്ട പലരെയും എന്നെന്നേക്കുമായി വേർപെടുത്തിയതിൽ ഹെലിക്കോപ്റ്റർ അപകടങ്ങളും കാരണമായിട്ടുണ്ട്. മലയാള സിനിമാനടൻ ജയൻ, പോപ്പ് സൂപ്പർതാരം ആലിയ, കഴിഞ്ഞ വർഷം ജനുവരിയിൽ ലോകത്തെ നടുക്കി മരണപ്പെട്ട എൻബിഎയുടെ ഇതിഹാസതാരം കോബെ ബ്രയന്റ് തുടങ്ങിയവരൊക്കെ ഹെലിക്കോപ്റ്റർ അപകടങ്ങളുമായി ബന്ധപ്പെട്ട് മരണമടഞ്ഞവരാണ്.
ഈ വർഷം വിവിധ കണക്കുകൾ പ്രകാരം പത്തിലധികം ഹെലിക്കോപ്റ്റർ അപകടങ്ങൾ ലോകത്ത് സംഭവിച്ചിട്ടുണ്ട്. മാർച്ചിൽ തുർക്കി വ്യോമസേനയുടെ ഒരു ഹെലിക്കോപ്റ്റർ തുർക്കിയിലെ ബിറ്റ്ലിസ് പ്രവിശ്യയിൽ തകർന്നുവീണു. ഇതിനുള്ളിൽ ഉണ്ടായിരുന്ന 11 സൈനികരും കൊല്ലപ്പെട്ടു.
മാർച്ചിൽ തന്നെ ബോട്സ്വാനയിലെ സോജ്വിയിൽ റോബിൻസൺ 44 വിഭാഗത്തിലുള്ള ഒരു ഹെലിക്കോപ്റ്റർ തകർന്നുവീണ് പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞയായ സാസ ക്ലാസ് അന്തരിച്ചു. ഈയപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടു.
മാർച്ച് ഏഴിനാണ് ലോകത്തെ ഞെട്ടിച്ച ആ ഹെലിക്കോപ്റ്റർ അപകടം നടന്നത്. ഫ്രഞ്ച് ശതകോടീശ്വരനും രാഷ്ട്രീയക്കാരനും റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാണക്കമ്പനിയായ ഡാസോ ഏവിയേഷന്റെ ഉടമസ്ഥരിലൊരാളുമായ ഒലിവിയർ ഡാസോ ഫ്രാൻസിലെ ഡ്യൂവില്ലെയ്ക്കു സമീപം സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ തകർന്നു കൊല്ലപ്പെട്ടു. ദിവസങ്ങളുടെ ഇടവേളയിൽ ചെക് റിപ്പബ്ലിക്കിലെ ശതകോടീശ്വരനായ പെട്ര കിൽനർ സഞ്ചരിച്ച എയർബസ് എഎസ്350 ബി 3 ഹെലിക്കോപ്റ്ററും അപകടത്തിൽപ്പെട്ടു. കിൽനർ കൊല്ലപ്പെട്ടു.
ജൂണിൽ മി–8 വിഭാഗത്തിലുള്ള ഒരു ഹെലിക്കോപ്റ്റർ കിർഗിസ്ഥാനിലെ അലെ നഗരത്തിൽ പതിച്ച് 13 പേരുടെ മരണത്തിനിടയാക്കി. അതേ മാസം തന്നെ കെനിയൻ വ്യോമസേനയുടെ മിലിട്ടറി ഹെലിക്കോപ്റ്റർ നിലംപതിച്ച് കത്തിക്കരിഞ്ഞു. ഒക്ടോബറിൽ യുഎസിൽ റോബിൻസൺ ആർ 22 വിഭാഗത്തിലുള്ള ഒരു ഹെലിക്കോപ്റ്റർ തകർന്ന് 2 പേർ മരിച്ചു. കഴിഞ്ഞ നവംബർ 30ന് അസർബൈജാന്റെ അതിർത്തി രക്ഷാസേനയുടെ ഉടമസ്ഥതയിലുള്ള ഒറു മി 17 ഹെലിക്കോപ്റ്റർ അവിടത്തെ ഖിസി ജില്ലയിൽ തകർന്നു വീഴുകയും 14 സൈനികർ കൊല്ലപ്പെടുകയും ചെയ്തു.