ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിക്കുപിന്നില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ്കുമാറുമായുള്ള അഭിപ്രായവ്യത്യാസമെന്നു സൂചന. ലോക്സഭാ സീറ്റെണ്ണത്തില്‍ മൂന്നാംസ്ഥാനത്തുള്ള പശ്ചിമബംഗാളിലെ (42) തിരഞ്ഞെടുപ്പുപ്രവര്‍ത്തനം അവലോകനം ചെയ്യാനെത്തിയപ്പോള്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാതെ ഗോയല്‍ ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. മാര്‍ച്ച് അഞ്ചിന് കൊല്‍ക്കത്തയില്‍നടന്ന പത്രസമ്മേളനത്തില്‍ രാജീവ്കുമാര്‍ മാത്രമാണ് പങ്കെടുത്തത്.
ഗോയലിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടത്തിയിരുന്നതായി നിയമമന്ത്രാലയവൃത്തങ്ങളും പറഞ്ഞു. മോദിസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്കു പിന്നിലെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു. കമ്മിഷനില്‍ ഇപ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാത്രം മതിയെങ്കിലും പ്രതിപക്ഷം ഇത് രാഷ്ട്രീയനേട്ടമാക്കുമെന്നതിനാല്‍ ഈയാഴ്ചതന്നെ രണ്ടു കമ്മിഷണര്‍മാരുടെ ഒഴിവും നികത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള പാനല്‍ യോഗം 15-ന് ചേര്‍ന്നേക്കും. 13-നോ 14 -നോ സെര്‍ച്ച് കമ്മിറ്റിയും ചേരും.ആരോഗ്യകാരണങ്ങളാല്‍ ഗോയല്‍ മടങ്ങിയെന്നാണ് രാജീവ്കുമാര്‍ പറഞ്ഞതെങ്കിലും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് സൂചന. കൊല്‍ക്കത്തയില്‍നിന്ന് മടങ്ങിയശേഷം ഗോയല്‍ മാര്‍ച്ച് ഏഴിന് ഡല്‍ഹിയില്‍നടന്ന തിരഞ്ഞെടുപ്പൊരുക്ക ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എട്ടിന് ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ലയ്ക്കൊപ്പമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ രാജിക്കത്ത് നേരിട്ട് രാഷ്ട്രപതിക്കയച്ചു.