കിംജോങ്ങിനെതിരെ ശബ്ദമുയര്‍ത്തിയ ട്രംപിനെ കൊന്നുകളയേണ്ടത് അത്യാവശ്യമെന്ന്‌

White House

സിയോള്‍: കിം ജോങ് ഉന്നിനെതിരെ ശബ്ദമുയര്‍ത്തിയ ട്രംപിനെ കൊന്നുകളയേണ്ടത് അത്യാവശ്യമാണെന്ന് ഉത്തര കൊറിയന്‍ മാധ്യമം.

തങ്ങളുടെ അനിഷേധ്യ നേതാവ് കിം ജോങ് ഉന്നിനെ പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഉത്തരകൊറിയയുടെ ദേശീയ മാധ്യമം ‘റോഡോങ് സിന്മുന്നി’ലാണ് പറഞ്ഞിരിക്കുന്നത്.

ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപ് കിം ജോങ്ങിനെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദേശീയ മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഏറ്റവും മോശവും വെറുക്കപ്പെട്ടതുമായ ക്രൂരകൃത്യമാണ് ട്രംപ് ചെയ്തിരിക്കുന്നതെന്നും, തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വിമര്‍ശിച്ച ട്രംപിന് വധശിക്ഷയാണ് ഏറ്റവും അനുയോജ്യമായതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

ഇതിനു പുറമെ ഇരു കൊറിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ട്രംപ് സന്ദര്‍ശനം നടത്താത്തതിനെയും മാധ്യമം പരിഹസിക്കുന്നുണ്ട്. തങ്ങളുടെ സൈനികരോടുള്ള ഭയം കാരണമാണ് ട്രംപ് സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് മാധ്യമം വിലയിരുത്തിയത്.

ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ദക്ഷിണ കൊറിയയിലെത്തിയത്.

അതേസമയം, കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

ഏഷ്യന്‍ പര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കവെ ട്രംപിനോട് മാധ്യമപ്രവര്‍ത്തകയായ ശരീല്‍ അറ്റ്കിസാണ് കൂടിക്കാഴ്ചക്ക് തയാറാണോ എന്ന ചോദ്യം ഉന്നയിച്ചത്.

മാസങ്ങളായി ഉന്നും ട്രംപും തമ്മില്‍ വാക്‌പോര് നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.

പര്യനത്തിനിടെ പല ഏഷ്യന്‍ നേതാക്കളുമായും താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും, ആരുമായും സംസാരിക്കാന്‍ താന്‍ ഒരുക്കമാണെന്നും, അതൊരു ശക്തിയായോ ബലഹീനതയായോ താന്‍ കരുതുന്നില്ലെന്നും, വ്യക്തികളുമായി ഒരുമിച്ചിരിക്കുന്നതും ആശയങ്ങള്‍ പങ്കു വെക്കുന്നതും ഒരു മോശം കാര്യമായി കാണുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

എന്നാല്‍, അത്തരത്തിലൊരു കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ അത് വളരെ നേരത്തേയായി പോകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Top