It is necessary to split the Kerala Congress; CPM offers four seats up to Joseph group

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ വരെ നല്‍കി ഇടതുമുന്നണിയിലെടുക്കാന്‍ നീക്കം.

രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന കെ.എം മാണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് സിപിഎം വാഗ്ദാനവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ജോസഫ് വിഭാഗത്തിലെ നേതാക്കളുമായി പ്രമുഖ സിപിഎം നേതാവ് ഇതിനകം തന്നെ അനൗപചാരിക സംഭാഷണം നടത്തിയതായാണ് സൂചന.

24-ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ജോസഫ് വിഭാഗത്തെ സഹകരിപ്പിക്കേണ്ടത് സംബന്ധിച്ച് ചര്‍ച്ച നടത്തും. തുടര്‍ന്ന് അവരുടെ നിലപാട് അനുകൂലമാണെങ്കില്‍ ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് നീക്കം.

യുഡിഎഫിന്റെ ഭരണ തുടര്‍ച്ച എന്ന സ്വപ്നത്തിന് ജോസഫ് വിഭാഗത്തിന്റെ ചുവടുമാറ്റം തിരിച്ചടിയാകുമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. മധ്യ കേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം-ഇടുക്കി ജില്ലകളില്‍ കാര്യമായ സ്വാധീനം ജോസഫ് ഗ്രൂപ്പിനുണ്ട്. മുമ്പ് ഇടതുമുന്നണിയിലായിരുന്ന കാലത്ത് ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ ജോസഫ് ഗ്രൂപ്പാണ് മത്സരിച്ചിരുന്നത്. പലവട്ടം അവിടെ നിന്ന് എം.പിയായ ഫ്രാന്‍സിസ് ജോര്‍ജ്ജ് തന്നെയാണ് ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന് ജോസഫ് ഗ്രൂപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പ്രമുഖന്‍.

രണ്ട് സീറ്റില്‍ ഒതുക്കാനുള്ള പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ നീക്കമാണ് ഇപ്പോള്‍ ജോസഫ് ഗ്രൂപ്പിനെ പ്രകോപിതരാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തേക്ക് തിരിച്ചുപോകണമെന്ന നിലപാടിനാണ് ഗ്രൂപ്പില്‍ പ്രാമുഖ്യം. ഇക്കാര്യം കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ജോസഫ്‌ തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

സീറ്റു തര്‍ക്കത്തിന്റെ ഭാഗമായാണ് മുന്നണി വിട്ടതെന്ന പ്രചാരണം ഒഴിവാക്കാന്‍ കൃഷിക്കാര്‍ക്ക് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും ശക്തമായി പ്രവര്‍ത്തിക്കുന്ന അഴിമതി രഹിത പ്രതിച്ഛായയുള്ള മുന്നണിയുടെ ഭാഗമാകുന്നതിനുവേണ്ടിയാണ് മുന്നണി മാറ്റമെന്ന് സൂചന നല്‍കാനാണ് നേതൃത്വം ഇഷ്ടപ്പെടുന്നത്.

അപകടം മുന്നില്‍ കണ്ട് പിളര്‍പ്പ് ഒഴിവാക്കാന്‍ ഇടപെടണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം കെ.എം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജോസഫ് ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താന്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യം മാണി ആവശ്യപ്പെട്ടാല്‍ വെട്ടിലാകുമെന്നതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും കെ.എം മാണിയോടും പി.ജെ ജോസഫിനോടും പ്രത്യേകം ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഇടതുമുന്നണിയില്‍ നേതൃത്വം കൊടുക്കുന്ന സിപിഎം കഴിഞ്ഞാല്‍ ഏതാനും ജില്ലകളില്‍ മാത്രം സ്വാധീനമുള്ള സിപിഐ ആണ് പ്രധാന കക്ഷി. പിന്നെ മുന്നണിയിലുള്ള എന്‍സിപി, ജനതാദള്‍ (എസ്) തുടങ്ങിയവയെല്ലാം സിപിഎമ്മിന്റെ കരുത്തില്‍ മാത്രം എംഎല്‍എ മാരെ സൃഷ്ടിച്ചവരാണ്.

ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് അംഗത്തെപോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ഈ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കിയാല്‍ മാത്രം മതിയെന്ന ആവശ്യം സിപിഎം നേതൃത്വത്തിനിടയില്‍ ശക്തമാണ്. അല്‍പമെങ്കിലും സ്വാധീനമുണ്ടായിരുന്ന ആര്‍എസ്പി, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം , കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നിവര്‍ നിലവില്‍ യു.ഡിഎഫിന്റെ ഭാഗമാണ്.

മുസ്ലീം ലീഗും കൂടിചേരുമ്പോള്‍ മുന്നണി എന്ന രൂപത്തില്‍ കരുത്തും യുഡിഎഫിനാണ്. ഈ ശക്തമായ മുന്നണിയെ പ്രധാനമായും ചെറുത്ത് നില്‍ക്കുന്നത് സിപിഎമ്മിന്റെ സംഘടിത ശക്തി ഉപയോഗിച്ച് മാത്രമാണെന്നത് രാഷ്ട്രീയ നിരീക്ഷകരേയും അത്ഭുതപ്പെടുത്തുന്നതാണ്.

ആര്‍എസ്പിയില്‍ നിന്ന് വിഘടിച്ച് വന്ന് എംഎല്‍എ സ്ഥാനം രാജിവച്ച കോവൂര്‍ കുഞ്ഞുമോന് നിലവില്‍ മത്സരിച്ച കുന്നത്തൂര്‍ സീറ്റ് തന്നെ നല്‍കാന്‍ ഇടതുമുന്നണി തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പിളര്‍ന്നുവന്നാല്‍ നാല് സീറ്റുവരെ നല്‍കാനും ഇനി അതല്ല ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രബല വിഭാഗം വന്നാല്‍ രണ്ട് സീറ്റുവരെ നല്‍കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതുമുന്നണി തയ്യാറാണ്.

Top