ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം അറിയിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഏത് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു എന്ന് പറയാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വിദഗ്ധ സമിതിയെ ഉപയോഗിച്ച് തീര്‍പ്പ് കല്‍പ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പക്ഷേ സ്വീകാര്യമല്ലെന്ന് ഹര്‍ജിക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.