ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് തന്റെ ശീലമല്ല; അടൂര്‍ പ്രകാശിനെതിരെ തിരിച്ചടിച്ച് വി ജോയ്

തിരുവനന്തപുരം: തനിക്കെതിരായി അടൂര്‍ പ്രകാശ് നടത്തിയ ആരോപണത്തില്‍ തിരിച്ചടിച്ച് വി ജോയ്. ‘സമുദായം മാറ്റി’ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആറ്റിങ്ങല്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഉന്നയിച്ച ആരോപണം. ആദ്യമായല്ല താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് തന്റെ ശീലം അല്ലെന്നും വി ജോയ് പ്രതികരിച്ചു. ‘ജോയ് ഏത് ജാതിയാണെന്ന് നാട്ടുകാര്‍ക്ക് അറിയുമെങ്കില്‍ അറിഞ്ഞാല്‍ മതി. അടൂര്‍ പ്രകാശിന് തന്റെ ജാതി അറിയിക്കണം. അതിന് തന്നെ കൂട്ടുപിടിക്കേണ്ടെന്നും വി ജോയ് വ്യക്തമാക്കി.

താന്‍ സമുദായം മാറ്റി പറയില്ല. താന്‍ ഈഴവനാണെന്ന് തന്റേടത്തോടെ പറയും. സമുദായം മാറ്റി കള്ളപ്രചാരണം നടത്താന്‍ തന്നെ കിട്ടില്ലെന്നും അടൂര്‍പ്രകാശ് പറഞ്ഞിരുന്നു. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന പ്രചാരണം ഗിമ്മിക്കുകള്‍ മാത്രമാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാണിച്ചിരുന്നു.

പരാജയപ്പെടുമെന്ന് അടൂര്‍ പ്രകാശിന് അറിയാം. പുതിയ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കുന്നതാണെന്നും വി ജോയ് പറഞ്ഞു. ‘അരുവിക്കരയിലും കാട്ടാക്കടയിലും വി ജോയ് സിഎസ്ഐ വിശ്വാസിയായി മാറുന്നു. പള്ളികളില്‍ കയറി പാവപ്പെട്ടവരെ പറ്റിക്കുന്നു. വര്‍ക്കലയിലും ചിറയിന്‍കീഴും ജോയി ഈഴവനാകുന്നു’, എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആരോപണം. ജോയി ഈഴവനാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Top