റാഞ്ചി : ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവില്‍ എന്ന് ഇ.ഡി. ഡല്‍ഹിയിലെ വസതിയില്‍ അടക്കം സോറന്‍ എവിടെ എന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതില്‍ നിയമപദേശം തേടിയിരിക്കുകയാണ് ഇ.ഡി. അന്വേഷണത്തോട് സോറന്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും.
ജാര്‍ഖണ്ഡ് ഖനന അഴിമതി കേസില്‍ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ അറിയിച്ചിരുന്നു. ഇ.ഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയില്‍ എത്തിയിരുന്നു. കേസില്‍ ചോദ്യം ചെയ്യിലിനായി എട്ടാം തവണയാണ് ഹേമന്ത് സോറെന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ നേരത്തെ നല്‍കിയ 7 സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെന്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളുടെ പിന്നാലെ ഇ.ഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.