അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ലെന്ന് താരങ്ങള്‍

Dileep

ലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ലെന്ന് താരങ്ങള്‍. വിശദീകരണം തേടാതെയാണ് ദിലീപിനെ പുറത്താക്കിയതെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യം കൊണ്ടാണെന്ന് താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അടുത്ത എക്‌സിക്കൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് ധാരണ.

അതേസമയം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.

ഇന്ന് രാവിലെ പത്തിനാണ് അമ്മ വാര്‍ഷിക പൊതുയോഗം തുടങ്ങിയത്. എന്നാല്‍ ഇത്തവണ പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ല.

Top