എല്ലാ മാസവും കെ എസ് ആര്‍ ടി സി തൊഴിലാളികൾ സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ല – ആന്‍റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടിസിയിലെ തൊഴിലാളികൾ എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെ എസ് ആര്‍ ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുമായി തുടര്‍ച്ചയായി രണ്ടാം ദീവസവും നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇത് പറഞ്ഞത്. ചില കാര്യങ്ങളിൽ ധാരണയായെന്നും ചിലതിൽ നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി. 22 ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു തൊഴിലാളി യൂണിയനുകളുമായി ചർച്ച. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് നടപ്പിലാക്കുന്നതിൽ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയെന്ന് മന്ത്രിമാര്‍ അറിയിച്ചു. 12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല.അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

331 പേർക്കുള്ള സ്ഥലം മാറ്റ സംരക്ഷണം 30 പേർക്ക് മാത്രമാക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു.100 പേർക്കെങ്കിലും സംരക്ഷണം നൽകണമെന്ന് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടു. യൂണിയനുകളെ കൂടി ഉള്‍പ്പെടുത്തി ഉപദേശക ബോർഡ് രൂപീകരിക്കാനും തീരുമാനമായി.

Top