നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ല, പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് നടപടി; വി ഡി സതീശന്‍

തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാതെ പ്രതിപക്ഷം. അടിയന്തിരപ്രമേയ നോട്ടീസ് ഇല്ലാത്തതിന് സാങ്കേതിക ന്യായം നിരത്തിയും മാധ്യമങ്ങളെ കുറ്റം പറഞ്ഞും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഒഴിഞ്ഞുമാറി. ശശിധരന്‍ കര്‍ത്തയില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലെന്നും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും വി ഡി സതീശന്‍ ന്യായീകരിച്ചു.

പാര്‍ട്ടി പറഞ്ഞാണ് നേതാക്കള്‍ പണം വാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ രേഖയില്‍ പേരുള്ള രമേശ് ചെന്നിത്തല പ്രതികരിക്കാതെയൊഴിഞ്ഞു. നേതാക്കള്‍ പണം വാങ്ങിയതിന് കണക്കുണ്ടോ എന്ന ചോദ്യത്തിനും യുഡിഎഫിന് കൃത്യമായ മറുപടിയില്ല.
നേതാക്കള്‍ സംഭാവന വാങ്ങും പോലെയല്ല വീണക്കുള്ള മാസപ്പടിയെന്നാണ് യുഡിഎഫ് പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് മാസപ്പടി അടിയന്തിര പ്രമേയമാക്കുന്നതില്‍ യുഡിഎഫില്‍ ഇന്നലെ രാത്രിവരെ രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു.

Top