വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല; സച്ചിദാനന്ദ സ്വാമി

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ പൂര്‍ണമായി തള്ളാതെ ശിവഗിരി മഠം. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല. ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതൊന്നും ആയിരിക്കില്ല സ്പീക്കറുടെ വാക്കുകള്‍. പക്ഷേ വിശ്വാസികളായ ഭക്തജനങ്ങളുടെ മനസിലെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം. അത് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ് എന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മഠാധിപതി പ്രതികരിച്ചു.

അതേസമയം മിത്ത് വിവാദത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നുമാണ് ഗോവിന്ദന്റെ പുതിയ പ്രതികരണം. അള്ളാഹുവും ഗണപതിയും മിത്താണെന്ന നിലപാട് സിപിഐഎമ്മിനില്ല. മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുകയാണ്. വര്‍ഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Top