ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒന്നാം നിലയിലെ തൂണുകളുടെ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായി. ഏറ്റവും പുതിയ നിര്‍മാണ ചിത്രങ്ങളും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. ക്ഷേത്രത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രസ്റ്റ് അറിയിച്ചു.
താഴത്തെ നിലയുടെ പ്രവൃത്തി നവംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ അവസാനത്തോടെ ഒന്നാം നിലയുടെ പണി പൂര്‍ത്തിയാക്കി 2024 ജനുവരിയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് 2024 ജനുവരി 21-23 തീയതികളില്‍ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം അയക്കും. 136 സനാതന പാരമ്പര്യങ്ങളില്‍ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളും 10,000ത്തില്‍ പരം വിശിഷ്ടാതിഥികളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. രാമജന്മഭൂമിയുടെ പ്രതിഷ്ഠാ ചടങ്ങ് അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യ മനോഹരമാക്കാനും അത്യാധുനിക നഗര സൗകര്യങ്ങള്‍ ഒരുക്കാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിട്ടു.