ഐ.ജിയെ സസ്പെന്റു ചെയ്ത ഉത്തരവ് കേന്ദ്ര സർക്കാർ തടഞ്ഞേക്കും? ഐ.ബി റിപ്പോർട്ട് നിർണ്ണായകമാകും

ന്യൂഡൽഹി: കേരള കേഡർ ഐ.പി.എസ് ഉദ്ദ്യോഗസ്ഥനായ പി വിജയനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് എതിരെന്നു സൂചന. വിജയനെ പ്രത്യേകം ടാർഗറ്റ് ചെയ്താണ് ശിക്ഷാ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഐ.ബിയുടെ റിപ്പോർട്ട്. നടപടിക്കു കാരണമായ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സർക്കാറിനു നൽകിയ റിപ്പോർട്ടിലെ കണ്ടത്തലുകളെയും കേന്ദ്ര ഏജൻസി മുഖവിലക്കെടുത്തിട്ടില്ല. എലത്തൂരിലെ തീവണ്ടി തീവയ്പ്പു കേസുമായി ബന്ധപ്പെട്ട് ഐ.ബിയും എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികളും മുൻപു നൽകിയ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളാണ് കേന്ദ്ര സർക്കാർ മുഖവിലക്കെടുക്കുന്നത്.

തീവണ്ടി തീവയ്പ്പു കേസിലെ പ്രതി രക്ഷപ്പെട്ടതു മുതൽ സംസ്ഥാന പൊലീസിന്റെ വീഴ്ച അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടുകളാണ് നിലവിൽ കേന്ദ്ര സർക്കാരിനു മുൻപാകെയുള്ളത്. തുടക്കം മുതൽ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട ഈ കേസിൽ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ ഐ.ജിയെ മാറ്റി നിർത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിൽ തന്നെ കേന്ദ്ര ഏജൻസികൾ അസ്വാഭ്യാവികത കാണുന്നുണ്ട്. പ്രതിക്ക് മാനസിക തകരാർ ഇല്ലന്നു വ്യക്തമായ ഉടനെ തന്നെ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തേണ്ട കേസിൽ പ്രത്യേക അന്വേഷണ സംഘം അത് വൈകിപ്പിച്ചതു തന്നെ എൻ.ഐ.എക്കു കേസ് കൈമാറേണ്ടി വരുമെന്നതിനാലാണ് എന്നതാണ് അവരുടെ നിഗമനം. ഇക്കാര്യത്തിൽ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അമർഷമുണ്ട്.

പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ നൂറാം എപ്പിസോഡിൽ പങ്കെടുക്കാൻ ഐ.ജി പി.വിജയന് സർക്കാർ അനുമതി നിഷേധിച്ചതിനെയും കേന്ദ്ര സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇക്കാര്യങ്ങളിലെല്ലാം തങ്ങളുടെ നിലപാട് കർശനമായി തന്നെ വ്യക്തമാക്കാനുള്ള സുവർണ്ണാവസരമാണിപ്പോൾ പി.വിജയന്റെ സസ്പെൻഷനിലൂടെ കേന്ദ്ര സർക്കാറിനു ലഭിച്ചിരിക്കുന്നത്. കേന്ദ്ര പേഴ്സണൽ മന്ത്രാലയം വിജയനെ സസ്പെന്റ് ചെയ്ത നടപടി അംഗീകരിച്ചില്ലങ്കിൽ വെട്ടിലാകുക സംസ്ഥാന സർക്കാറാണ്. ഇനി സസ്പെൻഷനെതിരെ പി.വിജയൻ കോടതിയെ സമീപിച്ചാലും അവിടെയും നിർണ്ണായകമാവുക കേന്ദ്ര സർക്കാറിന്റെ നിലപാടായിരിക്കും.

ഐ.ജി പി.വിജയന്റെ വാദം കേൾക്കാതെയാണ് അദ്ദേഹത്തെ സർക്കാറിപ്പോൾ സസ്പെന്റ് ചെയ്തിരിക്കുന്നത്. തീവണ്ടി തീവയ്പ്പു കേസിലെ പ്രതി കേരളം വിട്ടെന്ന് വ്യക്തമായതോടെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ച് തിരച്ചിൽ നടത്തുന്നതിനാവശ്യമായ ഇടപെടലാണ് പി വിജയൻ നടത്തിയിരുന്നത്. ഇത് രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും അറിയാവുന്ന കാര്യവുമാണ്. ഇതിനൊടുവിലാണ് പ്രതി മഹാരാഷ്ട്ര എ.ടി.എസിന്റെ പിടിയിലായിരുന്നത്. ഐ.ജി പി.വിജയൻ കൃത്യനിർവ്വഹണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയതായി സംസ്ഥാന ഇന്റലിജൻസ് പോലും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഐ.ജിയെ സസ്പെന്റ് ചെയ്യണമെന്ന ഒരാവശ്യം ചീഫ് സെക്രട്ടറിയും മുന്നോട്ടു വച്ചിട്ടില്ല. ഇതെല്ലാം തന്നെ സസ്പെൻഷൻ ഫയൽ ഡൽഹിയിൽ പരിശോധിക്കുമ്പോൾ കേരള സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ സ്‌കീം ചോര്‍ന്ന ഗുരുതര സംഭവത്തിൽ ഇതുവരെ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിക്കാത്ത സർക്കാർ മറ്റൊരു എഡിജിപിയുടെ റിപ്പോർട്ടിൽ പെട്ടന്നു തന്നെ നടപടി സ്വീകരിച്ചതിലെ യുക്തിയും അവിടെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല, ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്നപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ നുഴഞ്ഞു കയറി സുരക്ഷാവീഴ്ച ഉണ്ടാക്കിയ സംഭവത്തിലും ഒരു അന്വേഷണ റിപ്പോർട്ടും നടപടിയും ഇതുവരെയും സംഭവിച്ചിട്ടില്ല. ഇക്കാര്യവും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിയെ കൊണ്ടുവന്ന വാഹനത്തിലെ എ.ടി.എസ് ഉദ്യോഗസ്ഥനെ അതേ എ.ടി.എസ് വിഭാഗത്തിന്റെ മേധാവി വിളിച്ചതിൽ സുരക്ഷാ വീഴ്ച ആരോപിക്കുകയും തുടർന്ന് എ.ടി.എസ് മേധാവിയെ തന്നെ സസ്പെന്റ് ചെയ്യുകയും ചെയ്തവർ എന്തു കൊണ്ടാണ് ഈ രണ്ടു സംഭവങ്ങളിലും നടപടി സ്വീകരിക്കാതിരിക്കുന്നത് എന്നത് വലിയ ഒരു ചോദ്യം തന്നെയാണ്.

കെ.ബി.പി.എസിലെ എം.ഡിയുടെ ചുമതല വഹിച്ചിരുന്ന പി.വിജയൻ ഭരണപക്ഷ അനുകൂല സംഘടനയിൽപെട്ട എട്ടു തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചതും അവരെ തിരിച്ചെടുക്കണമെന്ന ഉന്നത രാഷ്ട്രീയ നിർദ്ദേശം ലംഘിച്ചതും സർക്കാറിന് പി.വിജയനിൽ അതൃപ്തിക്കു കാരണമായതായ വിവരവും ഐ.ബിയുടെ റിപ്പോർട്ടിലുണ്ടെന്നാണ് അറിയുന്നത്. ഈ പ്രതികൂല സാഹചര്യവും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് പി.വിജയനോടുളള എതിർപ്പുമാണ് സസ്പെൻഷനു ആധാരമായ റിപ്പോർട്ടിനു കാരണമായതത്രെ. സമാന അഭിപ്രായം തന്നെയാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും ഇപ്പോഴുള്ളത്. പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം സസ്പെൻഷൻ നടപടികൾ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി മുൻ ഐ.പി.എസ് ഉദ്ദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ ഐ.ജി പി.വിജയനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച സസ്പെൻഷൻ നടപടിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകാനുള്ള സാധ്യത വളരെ കുറവാണ്. സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്യാൻ അധികാരമുണ്ടെങ്കിലും അത് കേന്ദ്രം അംഗീകരിച്ചില്ലങ്കിൽ സസ്പെൻഷൻ ഉത്തരവിനു തന്നെ പ്രസക്തി ഉണ്ടാവുകയില്ല. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുമ്പോൾ പുലർത്തേണ്ട ഒരു നടപടിക്രമവും പൂർത്തിയാക്കാതെയാണ് പി.വിജയനെ സസ്പെന്റ് ചെയ്തിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ ഉയർന്ന സസ്പെൻഷൻ വിവാദം സർക്കാറിന്റെ പ്രതിച്ഛായക്കും മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്.

 

Top