യുദ്ധം രൂക്ഷമായ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 231 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗാസ സിറ്റി: യുദ്ധം രൂക്ഷമായ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 231 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി. കൊല്ലപ്പെട്ടവരില്‍ 3900 കുട്ടികളും 150 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 105 ആരോഗ്യ കേന്ദ്രങ്ങള്‍ ആക്രമി ക്കപ്പെട്ടതായും 27 ആംബുലന്‍സുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസ പൂര്‍ണമായി ഒഴിയണമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

നേരത്തെ ഇസ്രയലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തില്‍ ജീവത്യാഗത്തിന് തയ്യാറാണെന്നും ഹിസ്ബുള്ള തലവന്‍ സയദ് ഹസന്‍ നസ്‌റള്ള പറഞ്ഞിരുന്നു. ഇസ്രയേലിനെതിരെ ഹമാസിന്റെ പോരാട്ടം പൂര്‍ണമായും പലസ്തീന്‍ ജനതയ്ക്കുവേണ്ടിയാണെന്നും രഹസ്യ സ്വഭാവമാണ് അതിനെ വിജയത്തിലെത്തിച്ചതെന്നും സയദ് ഹസന്‍ നസ്‌റള്ള പറഞ്ഞു. ഹമാസിന്റെ തീരുമാനം ശരിയും ധീരവുമായിരുന്നു. അത് കൃത്യസമയത്ത് അവര്‍ നടപ്പാക്കിയെന്നും സയദ് ഹസന്‍ നസ്‌റള്ള പറഞ്ഞു.

അതേസമയം ഇസ്രയേലുമായി എല്ലാ തരം ബന്ധവും വിച്ഛേദിച്ചെന്ന് തുര്‍ക്കി അറിയിച്ചു. നെതന്യാഹുവുമായി സംസാരിക്കാന്‍ പോലും താത്പര്യമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഇസ്രയേലിന്റേത് യുദ്ധക്കുറ്റമെന്ന വിമര്‍ശനവുമായി ഒമാനും രംഗത്തെത്തി. പ്രത്യേക അന്താരാഷ്ട്ര കോടതി രൂപീകരിച്ച് അന്വേഷണം വേണമെന്നും ഒമാന്‍ ആവശ്യപ്പെട്ടു.

 

Top