പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ട്

വിവാദമായ പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കുമെന്നു ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.

ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു പൗരത്വത്തിന് പരിഗണിക്കുക. 2019ൽ പാസാക്കിയ നിയമത്തിനെതിരെ വൻതോതിൽ പ്രക്ഷോഭം ഉയർന്നിരുന്നു.

പൗരത്വം നൽകുന്നതിനായി മതം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിനു തൊട്ടുമുൻപ് അവതരിപ്പിച്ച എൻആർസി, എൻപിആർ എന്നിവ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു.

Top