ഇന്‍ഡ്യ മുന്നണിയുടെ പരിപാടികള്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇന്‍ഡ്യ മുന്നണിയുടെ സംയുക്ത പരിപാടികള്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകുമെന്ന് റിപ്പോര്‍ട്ട്. മുന്നണി സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പകുതിയോടെ സീറ്റ് പങ്കിടലില്‍ ഒരു ധാരണ വേണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും വാദം.

സീറ്റ് പങ്കിടലിന്റെ സമവാക്യങ്ങളില്‍ സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും ഉത്തര്‍ പ്രദേശും ഡല്‍ഹിയും പഞ്ചാബും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്നതിനെയും ഈ അസ്വാരസ്യങ്ങള്‍ ബാധിക്കും. എന്നിരുന്നാലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാകും മോദിയെ നേരിടാന്‍ ശേഷിയുള്ളയാളെന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനോ ഇന്‍ഡ്യ ബ്ലോക്ക് കണ്‍വീനറാകാനോ തനിക്ക് താല്‍പര്യമില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാറും വ്യക്തമാക്കി. ബിജെപിക്കെതിരായി ഒരുമിക്കുക എന്നത് മാത്രമാണ് പരിഗണന എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ അപക്വമാണെന്നും മുന്നണിയെ നയിക്കാനൊരു നേതാവ് ആണ് വേണ്ടതെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ 23 ലോക്‌സഭാ സീറ്റുകളാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള 23 സീറ്റുകള്‍ എന്‍സിപിയും കോണ്‍ഗ്രസും പങ്കുവയ്ക്കണമെന്നും അവര്‍ പറയുന്നു.

ഇന്‍ഡ്യ മുന്നണിയുടെ നാലാമത്തെ യോഗം നടന്നപ്പോള്‍ ഈ ആവശ്യം ഉദ്ധവ് താക്കറെ ഉന്നയിച്ചിരുന്നു. സംയുക്ത റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ സീറ്റ് പങ്കിടലിനെക്കുറിച്ചുള്ള സംശയങ്ങളും അഭ്യൂഹങ്ങളും നിലനില്‍ക്കുകയാണെങ്കില്‍ അത് വിപരീതമായി ബാധിക്കും. അതുകൊണ്ട് എല്ലാത്തിലും ധാരണയായ ശേഷം പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കാമെന്നാണ് താക്കറെ പറഞ്ഞത്.

Top