ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ട്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് വിലയിരുത്താന്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീര്‍ സന്ദര്‍ശിക്കും. ഇതിന് പിന്നാലെ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രഭരണപ്രദേശങ്ങളില്‍ സെപ്റ്റംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന്, പ്രദേശങ്ങളിള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം പ്രദേശത്തെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാകുമോയെന്ന് വിലയിരുത്താന്‍ കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കശ്മീര്‍ സന്ദര്‍ശനം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരും. അതിനുമുമ്പ് വാ?ഗ്ദാനങ്ങള്‍ നല്‍കുന്നതിന്റേയും പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റേയും തിരക്കിലാണ് നേതാക്കള്‍.
നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

Top