ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിന്റെ ‘എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്’ 2021 ല്‍ ആണ് പ്രഖ്യാപിച്ചത്. ഇതുവരെ മൂന്ന് പ്രോജക്ടുകള്‍ നിര്‍മ്മിച്ചു. അവയില്‍ രണ്ടെണ്ണം ആലിയ നായികയായ ‘ഡാര്‍ലിംഗ്‌സ്’, ‘ജിഗ്ര’ എന്നിവയാണ്. എന്നാല്‍ ‘പോച്ചര്‍’ എന്ന മലയാളം വെബ് സീരീസ് നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങള്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആലിയ.
‘എല്ലാ വേഷങ്ങളും എനിക് ചേരില്ല. ചില വേഷങ്ങള്‍ എന്നെക്കാള്‍ നന്നായി മറ്റുള്ള നായികമാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് കഥ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. അത് തുറന്നു പറയാറുമുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ഒരു ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ എന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമല്ല അതില്‍ ഉള്‍പെടുന്നവരുടെ കാഴ്ചപ്പാടും പരിഗണിക്കാറുണ്ട്’ ആലിയ പറഞ്ഞു. ഒരഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.
‘ആര്‍ ആര്‍ ആറി’ലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ച ആലിയ ആദ്യമായാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായി ‘പോച്ചര്‍’ എന്ന മലയാളം സംരംഭത്തിന്റെ ഭാഗമാകുന്നത്. മലയാളത്തില്‍ ആലിയയെ അഭിനേതാവായി എന്ന് കാണാന്‍ കഴിയുമെന്ന ചോദ്യത്തിന് നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും അഭിനയിക്കുമെന്നും ആലിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കവെ പറഞ്ഞിരുന്നു.
എട്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പോച്ചര്‍ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളില്‍ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാന്‍ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ നടത്തുന്ന ജീവന്‍ മരണ പോരട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 23-നാണ് പോച്ചര്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.