സവര്‍ക്കറെ പരിഹസിക്കുന്നത് ഖേദകരം, ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് ഗാന്ധി നിര്‍ദേശിച്ചിട്ട്; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ചരിത്രം സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആര്‍എസ്എസ് സൈദ്ധാന്തികനായ സവര്‍ക്കര്‍ മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതി നല്‍കിയതെന്നാണ് രാജ്‌നാഥ് സിംഗ് തുറന്നടിച്ചിരിക്കുന്നത്.

മാത്രമല്ല, ഇന്ത്യയുടെ ആദ്യത്തെ സൈനിക വിദഗ്ദ്ധനായിരുന്നു അദ്ദേഹമെന്നും, സവര്‍ക്കറെകുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

സവര്‍ക്കറിനെ ചരിത്രപുരുഷന്‍ എന്ന് വിശേഷിപ്പിച്ച രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ ചരിത്രത്തിലെ ഒരു പ്രതീകമായിരുന്നു സവര്‍ക്കറെന്നും, അത് അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കി. അദ്ദേഹത്തെകുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തെ കുറച്ചു കാണുന്നത് ന്യായീകരിക്കുവാന്‍ സാധിക്കില്ല. സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയും ഉറച്ച ദേശീയവാദിയുമായിരുന്നു, പക്ഷേ മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ സവര്‍ക്കറെ ഫാസിസ്റ്റ് എന്ന് ആക്ഷേപിക്കുന്നത് ഖേദകരമാണെന്നും സവര്‍ക്കറോട് ഇത്തരക്കാര്‍ കാണിക്കുന്ന വിദ്വേഷം യുക്തിക്കു നിരക്കാത്തതാണെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

മാത്രമല്ല, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം വളരെയേറെ പ്രതിബദ്ധതയോടു കൂടിയാണ് പ്രവര്‍ത്തിച്ചതെന്നും അതിനാലാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ രണ്ടുതവണ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. സവര്‍ക്കറുടെ ഹിന്ദുത്വ സങ്കല്‍പം ഒരു മതവുമായും ബന്ധപ്പെട്ടതായിരുന്നില്ലെന്നും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്വത്വവുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഹൈന്ദവ ആദര്‍ശങ്ങളെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

Top