ദേശീയ പതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരം; രാഷ്ട്രപതി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ് ലഭ്യമായിരുന്ന അവകാശങ്ങളും സൗകര്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ഈ പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പുതിയ സൗകര്യങ്ങളും അവകാശങ്ങളും നല്‍കിയിട്ടുണ്ട്. ചെറുകിട, നാമമാത്ര കര്‍ഷകരും തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയാണ്. അത്തരം കര്‍ഷകരെ അവരുടെ ചെലവുകള്‍ക്ക് സഹായിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 1,13,000 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ കാലഘട്ടത്തില്‍ ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സമ്പദ്വ്യവസ്ഥ നേരിട്ട തകര്‍ച്ചയില്‍ നിന്ന് രാജ്യം കരകയറുകയാണ്. ഈ ദുഷ്‌കരമായ സമയത്ത് പോലും ആഗോള നിക്ഷേപകരുടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നു. കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് സര്‍ക്കാര്‍ സമയബന്ധിതമായി എടുത്ത തീരുമാനത്തില്‍ താന്‍ സംതൃപ്തനാണെന്നും ഇത് ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

‘മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ നമുക്ക് നിരവധി പൗരന്‍മാരെ നഷ്ടമായി. ഈ കൊറോണ കാലഘട്ടത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. കോവിഡ് മൂലം ആറ് എംപിമാര്‍ അകാലത്തില്‍ നമ്മെ വിട്ടുപോയി. എല്ലാവര്‍ക്കും ആദരാജ്ഞലി അര്‍പ്പിക്കുന്നു’ രാംനാഥ് കോവിന്ദ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരമാണ്. ഈ വാക്സിനേഷന്‍ പദ്ധതിയില്‍ രണ്ടു വാക്സിനുകളും ഇന്ത്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ ഇന്ത്യ മനുഷ്യരാശിയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി രാജ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോസ് വാക്സിനുകള്‍ നല്‍കുകയും ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 24,000 ആശുപത്രികളില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ സൗകര്യങ്ങള്‍ ലഭിക്കും. ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 കേന്ദ്രങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

 

Top