ഐ ടി നിയമ ഭേദഗതിയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍, കൂടുതല്‍ കര്‍ക്കശമാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ അനുമതി നല്‍കും. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെ മന്ത്രി പേരെടുത്ത് പരാമര്‍ശിച്ചു. ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഫോളോവര്‍മാരുണ്ട്. വ്യാപാരത്തിനും പണ സമ്പാദനത്തിനും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളെ ബഹുമാനിക്കണം. ഡിജിറ്റല്‍ ഇന്ത്യയില്‍ അവയ്ക്ക് വലിയ പങ്കുണ്ട്. സാധാരണക്കാരെ സമൂഹ മാധ്യമങ്ങള്‍ ശാക്തീകരിച്ചു. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തില്‍ പൊലീസിനെ സഹായിച്ച സമൂഹ മാധ്യമങ്ങള്‍ ചെങ്കോട്ടയില്‍ അക്രമത്തിന് എതിരെ തിരിച്ച് നിലപാട് എടുത്തു. ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Top