മുംബൈ: മികച്ച കോര്‍പറേറ്റ് പ്രവര്‍ത്തനഫലങ്ങളോടൊപ്പം വിപണിയിലേക്കുള്ള പണമൊഴുക്ക് പരമകോടിയിലെത്തിയപ്പോള്‍ ഓഹരി വിപണി രണ്ടാം ദിവസവും റെക്കോഡ് ഭേദിച്ച് കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 54,000 കടന്നു. നിഫ്റ്റിയാകട്ടെ എക്കാലത്തെയും ഉയര്‍ന്ന ഉയരംകുറിച്ച് 16,236 നിലവാരത്തിലെത്തുകയും ചെയ്തു. 377 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. സൂചിക 54,200 പിന്നിടുകയും ചെയ്തു.
എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ അരശതമാനത്തോളം ഉയര്‍ന്നു. സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. എസ്ബിഐ, ടൈറ്റാന്‍ കമ്പനി, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, എച്ച്പിസിഎല്‍, പിഎന്‍ബി ഹൗസിങ് തുടങ്ങി 70ഓളം കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.