ആ കത്ത് ‘എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു’; ക്യാപ്റ്റന്‍ വരുണ്‍ സിങിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ക്യാപ്റ്റന്‍ വരുണ്‍ സിങിനെ മന്‍ കി ബാത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റില്‍ ശൗര്യ ചക്ര സ്വീകരിച്ച ശേഷം വരുണ്‍ സിങ് തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി വായിച്ചു കേള്‍പ്പിച്ചു.

ക്യാപ്റ്റന്‍ വരുണ്‍ സിങ് ഉയരങ്ങളില്‍ എത്തിയിട്ടും തന്റെ വേരുകള്‍ അദ്ദേഹം മറന്നില്ല എന്നത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് മോദി പറഞ്ഞു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍, എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കാര്യം ഞാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ശൗര്യ ചക്ര സമ്മാനിച്ചത്. ഈ അവാര്‍ഡിന് ശേഷം അദ്ദേഹം തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് ഒരു കത്തെഴുതി’ പ്രധാനമന്ത്രി പറഞ്ഞു.

വിജയത്തിന്റെ നെറുകയില്‍ എത്തിയിട്ടും തന്റെ വേരുകള്‍ നനയ്ക്കാന്‍ അദ്ദേഹം മറന്നില്ല എന്നതാണ് തന്റെ മനസ്സിലേക്ക് ആദ്യം വന്നത്. ആഘോഷിക്കാനുള്ള സമയത്തും വരും തലമുറകളെ തൊട്ട് അദ്ദേഹം ആകുലപ്പെട്ടിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം.

ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം സഞ്ചരിക്കവെ ഡിസംബര്‍ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരില്‍ വെച്ച് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. എംഐ-17 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ദിവസങ്ങള്‍ക്ക് ശേഷം ചികിത്സക്കിടെയാണ് മരിച്ചത്.

Top