ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രവർത്തി ദിനമാക്കാൻ തീരുമാനമെടുത്തത് എല്ലാ വകുപ്പുകളും ഒരുമിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫയലുകൾ എത്രയും വേഗം തീർപ്പാക്കുകയെന്നത് സർക്കാർ എടുത്ത തീരുമാനമാണ്. പൊതുസമൂഹം ഈ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. ജൂലൈ മൂന്നിന് പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടത് മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ല എന്നത് തെറ്റായ പ്രചാരണമാണ്. അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഞായറാഴ്ച്ച ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ അവർക്ക് മാറ്റി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം മാറ്റുകയും ചെയ്തിട്ടുണ്ട്. തെറ്റായ പ്രചരണം നടത്തുന്നവർക്ക് യാഥാർത്ഥ്യം അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. അതിനെക്കുറിച്ചൊന്നും അന്വേഷിക്കാതിരുന്നത് ബോധപൂർവമാണ്. ബോധപൂർവ്വം ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പിഡബ്ല്യുഡി മന്ത്രി എന്ന നിലയിൽ പ്രത്യേകജന വിഭാഗത്തെ പ്രയാസപ്പെടുത്താനുള്ള തീരുമാനം എന്ന രീതിയിലായിരുന്നു പ്രചരണം.
വ്യാജ പ്രചാരണം ജനങ്ങളിൽ സ്പർദ്ധ വളർത്താനുള്ള ബോധപൂർവ്വമായ നീക്കമാണ്. ഇത് ആരുടെ രാഷ്ട്രീയ താല്പര്യം ആണെന്ന് കൃത്യമായി അറിയാം. ചിലരുടെ ഉപകരണമായി അവർ പ്രവർത്തിക്കുന്നു. തെറ്റായ പ്രചരണങ്ങളിൽ ജനങ്ങൾ വീഴില്ല എന്നത് ഉറപ്പാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.