ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. കൊല്ലം റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിഐജി, ആര്‍ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു.

വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബേബി മോഹന്‍, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാര്‍ത്ഥം മാറിനിന്നെന്നാണ് റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ മാസം ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.

Top