വി.ഐ.പി അല്ലന്ന് പറഞ്ഞത് മോദിയാണ്, അത് മറന്ന് സുരേഷ് ഗോപി ചാടരുത്

ല്ലാ ഇന്ത്യക്കാരും പ്രാധാന്യമുള്ളവരാണെന്നും എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കൃത്യമായി പറഞ്ഞാല്‍ 2017 ഏപ്രില്‍ 19നാണ് ട്വിറ്ററിലൂടെ ഇത്തരം ഒരു പ്രതികരണം നരേന്ദ്ര മോദി നടത്തിയിരുന്നത്. വിഐപികള്‍, ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തെ കുറിച്ചായിരുന്നു ഈ പ്രതികരണം. ഈ നടപടി ഒരുപാട് മുമ്പേ എടുക്കേണ്ടിയിരുന്നതാണെന്നും ഇന്ന് ശക്തമായൊരു തുടക്കമിടാനായെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.

2017 മെയ് ഒന്ന് മുതലാണ് ചുവപ്പ് ബീക്കണ്‍ ലൈറ്റിന് കേന്ദ്ര സര്‍ക്കാര്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരുന്നത്. ഇതോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, മറ്റു ജഡ്ജിമാര്‍, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍ എന്നിങ്ങനെ സകല വിഐപികള്‍ക്കും നിരോധനം ബാധകമായിരിക്കുകയാണ്. പൊലീസിനും മറ്റ് സേനാ വിഭാഗങ്ങള്‍ക്കും ഫയര്‍ഫോഴ്‌സിനും ആംബുലന്‍സിനും മാത്രമാണ് നിലവില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളത്.

ഇക്കാര്യം വീണ്ടും ഇവിടെ സൂചിപ്പിക്കുന്നത്. നടനും രാജ്യസഭ അംഗവുമായ സുരേഷ് ഗോപിയുടെ ‘സല്യൂട്ട്’ വിവാദത്തിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ്. ഈ സല്യൂട്ടും ഒരുതരം വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്നത് സുരേഷ് ഗോപിയും ഓര്‍ക്കണം. ഇക്കാര്യത്തില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ താങ്കളുടെ സുഹൃത്തു കൂടിയായ മോദിയോട് തന്നെ ഇക്കാര്യവും ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. ചുമ്മാ ആളാകാന്‍ വേണ്ടി തെരുവില്‍ ‘ഭരത് ചന്ദ്രന്‍’ കളിക്കാന്‍ നില്‍ക്കരുത്. അത് വളരെ മോശമായ പ്രവര്‍ത്തിയാണ്. സിനിമയല്ല ജീവിതമെന്നത് ഇനിയെങ്കിലും ശരിക്കും മനസ്സിലാക്കുന്നത് നല്ലതാണ്.

ഒരു എസ്.ഐയെ വാഹനത്തില്‍ നിന്നും വിളിച്ചു വരുത്തി സല്യൂട്ട് അടുപ്പിച്ചത് വലിയ ഹീറോയിസം ആയൊന്നും സുരേഷ് ഗോപി കാണണ്ട. സുരേഷ് ഗോപി എന്ന നടന്‍ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് പിന്നിലും കാക്കിയുടെ കരുത്തുണ്ടായിരുന്നു എന്നതും മറന്നു പോകരുത്. ‘ഭരത് ചന്ദ്രന്‍ ഐ.പി.എസ് ‘ ഉള്‍പ്പെടെയുള്ള സുരേഷ് ഗോപിയുടെ സിനിമകളാണ് അദ്ദേഹത്തെ സൂപ്പര്‍താര നിരയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. അത് കണ്ട് തന്നെയാണ് ബി.ജെ.പി തേടിപ്പിടിച്ച് ഇപ്പോള്‍ എം.പിയും ആക്കിയിരിക്കുന്നത്. ‘കാക്കി കനിഞ്ഞ എം.പി സ്ഥാനം ‘ എന്നു തന്നെയാണ് ഇതിനെയും വിലയിരുത്തേണ്ടത്. ആ കാക്കിയെ കൊണ്ടാണ് പൊതു സമൂഹത്തിന്റെ മുന്നില്‍ വച്ച് ഇപ്പോള്‍ സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചിരിക്കുന്നത്. മോദി പറഞ്ഞതു പോലെ എല്ലാവരും വി.ഐ.പികളാണെന്ന ബോധം ബി.ജെ.പി എം.പിയായ സുരേഷ് ഗോപിക്കുണ്ടായിരുന്നു എങ്കില്‍ ഇത്തരം ഒരു ഷോ അദ്ദേഹം ഒരിക്കലും കാണിക്കില്ലായിരുന്നു. ഇപ്പോഴും ഈ നടന്‍ ഭരത് ചന്ദ്രന്റെ ‘ഹാങ്ങോവറില്‍’ തന്നെയാണുള്ളത്.

ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ കണ്ടിട്ട് എസ്.ഐ സല്യൂട്ടടിച്ചില്ലങ്കില്‍ ആ ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ടടിപ്പിക്കുക മാത്രമല്ല തൊപ്പികൂടിയാണ് തെറിപ്പിക്കുക. അതാണ് പൊലീസിലെ സിസ്റ്റം. സിനിമയില്‍ ഐ.പി.എസ് കളിച്ചപ്പോള്‍ സുരേഷ് ഗോപിയും ഇത്തരം നടപടികള്‍ പിന്‍തുടര്‍ന്നിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് അത് സിനിമയാണെന്നും ഇത് ജീവിതമാണെന്നും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. ജനപ്രതിനിധികളെ കുത്തിന് പിടിച്ചും അടിച്ചും സിനിമയില്‍ ഷോ കാട്ടിയ സുരേഷ് ഗോപി എം.പിയായപ്പോള്‍ ജനപ്രതിനിധികളുടെ അധികാരം ഓര്‍മ്മിപ്പിച്ചത് സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ കോമഡിയായാണ് നിറഞ്ഞാടി കൊണ്ടിരിക്കുന്നത്.

പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന കൃത്യമായ നിര്‍ദേശം പൊലീസ് മാന്വലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇതുപ്രകാരം ഒരിക്കലും സുരേഷ് ഗോപി എം.പിയെ സല്യൂട്ട് അടിക്കേണ്ട ആവശ്യം പൊലീസിനില്ല. ജനപ്രതിനിധികളെ പലപ്പോഴും ബഹുമാനിച്ച് പൊലീസ് സല്യൂട്ട് ചെയ്യുന്നതിനെ ഒരു അവകാശമായി സുരേഷ് ഗോപി കാണുന്നതും തെറ്റാണ്. എംപി, എംഎല്‍എ തുടങ്ങിയവര്‍ക്കു സല്യൂട്ട് നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെങ്കിലും ജനാധിപത്യത്തെ അംഗീകരിക്കുന്നതിനാലും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലുമാണ് പലപ്പോഴും പൊലീസ് സല്യൂട്ട് നല്‍കി വരുന്നത്.

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലില്‍ പറയുന്നതിങ്ങനെയാണ് പറയാം . . .

ദേശീയപതാക, വിവിധ സേനകളുടെ പതാക, മൃതശരീരം, രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍. യൂണിഫോമിലുള്ള ജനറല്‍ ഓഫിസര്‍മാര്‍, അതായത് ഡിജിപി, എഡിജിപി, ഐജി, ഡിഐജി, മറ്റു മേലുദ്യോഗസ്ഥര്‍, സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികള്‍, എസ്പിമാര്‍, യൂണിറ്റുകളുടെ കമന്‍ഡാന്റുമാര്‍, ജില്ലാ കലക്ടര്‍, സെഷന്‍സ് ജഡ്ജി, ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട്, സേനകളിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്ക് ഉദ്യോഗസ്ഥര്‍….. ഇവരൊക്കെയാണ് പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ടിന് അര്‍ഹര്‍.

പ്രോട്ടോക്കോളില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുകളിലാണ് എംപി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോളിലും ഇതുപ്രകാരം സംസ്ഥാനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രോട്ടോക്കോളിലും ചീഫ് സെക്രട്ടറിക്കും മുകളിലാണ് എംപിയുടെ സ്ഥാനമുള്ളത്. എംപിമാര്‍ വരുന്നത് പട്ടികയിലെ 21ാം റാങ്കിലാണ്. ചീഫ് സെക്രട്ടറി ഇതിലും താഴെ 23ാം റാങ്കിലാണ് പെടുന്നത്. ഇതിനും താഴെയാണ് ഡിജിപി പദവികള്‍ വരുന്നത്. സേനയില്‍ സല്യൂട്ട് എന്നത് അച്ചടക്കത്തിന്റെ കൂടി ഭാഗമാണ്. നിരവധി പൊലീസ് വേഷങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്ന സുരേഷ് ഗോപി അതും മനസ്സിലാക്കേണ്ടതുണ്ട്. എത്ര വലിയ വി.ഐ.പി ആണെങ്കിലും പൊലീസ് പിന്തുടരേണ്ടത് അവരുടെ മാന്വല്‍ തന്നെയാണ്. അതല്ലാതെ സുരേഷ് ഗോപിയുടെ നിര്‍ദ്ദേശങ്ങളല്ല.

കൊടിക്കുന്നില്‍ സുരേഷ് എം.പിയെ കാണുമ്പോള്‍ കെ.ബി ഗണേഷ് കുമാറിന് എണ്ണീറ്റ് നിന്ന് ബഹുമാനിക്കാന്‍ തോന്നുന്നെങ്കില്‍ സ്വയം അത് ചെയ്‌തേക്കുക അതല്ലാതെ അതും പറഞ്ഞ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്. എസ്.ഐയെ വിളിച്ച് വരുത്തി സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചപ്പോള്‍ അവിടെ അപമാനിക്കപ്പെട്ടത് സംസ്ഥാനത്തെ പൊലീസ് സേനയാണ്. ഗണേഷ് കുമാര്‍ അതും ഓര്‍ത്തു കൊള്ളണം. സിനിമയിലെ സഹപ്രവര്‍ത്തകനാണ് സുഹൃത്താണ് എന്നൊക്കെ കരുതി ന്യായീകരണം കൊണ്ടു വന്നാല്‍ അത് പ്രബുദ്ധ കേരളം ഒരിക്കലും വകവച്ച് തരുന്ന പ്രശ്‌നമേയില്ല. സല്യൂട്ട് കിട്ടാത്തതില്‍ പരാതി ഉണ്ടായിരുന്നെങ്കില്‍ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയായിരുന്നു ആദ്യം എം.പി അറിയിക്കേണ്ടിയിരുന്നത്. അതല്ലെങ്കില്‍ മുഖ്യമന്ത്രിയേയോ രാജ്യസഭ അദ്ധ്യക്ഷനെയോ അതുമല്ലങ്കില്‍ സാക്ഷാല്‍ മോദിയേയോ അറിയിക്കണമായിരുന്നു.

മറ്റൊരു എം.പിയും എം.എല്‍.എയും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുരേഷ് ഗോപി ഒല്ലൂരില്‍ ചെയ്തിരിക്കുന്നത്. ഈ സംഭവത്തിനു ശേഷം എറണാകുളം ചേരാനെല്ലൂരില്‍ മറ്റൊരു എസ്.ഐ, സുരേഷ് ഗോപിയെ സല്യൂട്ടടിച്ചതും തുടര്‍ന്ന് സുരേഷ് ഗോപി എസ്.ഐയെ ചേര്‍ത്ത് നിര്‍ത്തി കാതില്‍ രഹസ്യം പറഞ്ഞതുമെല്ലാം സല്യൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയെ പേടിച്ച് സല്യൂട്ടടിച്ചു എന്ന ബോധമാണ് ഇതുവഴി ഈ എസ്.ഐ സൃഷ്ടിച്ചിരിക്കുന്നത്. പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് ഉണ്ടെന്ന പ്രചരണത്തിന് ശക്തിപകരുന്ന പ്രവര്‍ത്തി കൂടിയാണിത്. അതും കാക്കിയിലെ സുരേഷ് ഗോപി പ്രേമികള്‍ മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top