അത് എന്റെ മാത്രം തെറ്റായിരുന്നു, ചില അവസരങ്ങളില്‍ ഇങ്ങനെ നടക്കാറുണ്ട്; സന്ദീപ് റെഡ്ഡി വംഗ

‘അനിമല്‍’ എന്ന ചിത്രത്തില്‍ നിന്നും പരിനീതി ചോപ്രയെ ഒഴിവാക്കിയതിന്റെ സാഹചര്യം വെളിപ്പെടുത്തി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രം ചെയ്യാനായി സംവിധായകന്‍ ആദ്യം സമീപിച്ചത് പരിനീതി ചോപ്രയെയായിരുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലും പരിനീതി ചോപ്രയുടെ പേരുണ്ടായിരുന്നു.

‘ഗീതാഞ്ജലി എന്ന കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് പരിനീതിയെ ആയിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് ഒന്നര കൊല്ലം മുന്‍പ് ചിത്രത്തിനായി കരാറും ചെയ്തു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് പരിനീതി ചോപ്രയില്‍ ആ കഥാപാത്രത്തെ എനിക്ക് കാണാനായില്ല. അത് എന്റെ മാത്രം തെറ്റായിരുന്നു. ചില അവസരങ്ങളില്‍ ഇങ്ങനെ നടക്കാറുണ്ട്. ഇക്കാര്യം പരിനീതിയെ അറിയിച്ചപ്പോള്‍ അതവരെ വിഷമിപ്പിച്ചുവെങ്കിലും കാര്യം മനസ്സിലാക്കി’, സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു. സംഭവത്തില്‍ നടിയോട് താന്‍ മാപ്പ് ചോദിച്ചുവെന്നും ഒടുവില്‍ ആ വേഷം രശ്മികയിലേക്ക് എത്തിച്ചേര്‍ന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച കളക്ഷന്‍ സ്വന്തമാക്കിയാണ് അനിമല്‍ കുതിക്കുന്നത്. ചിത്രത്തില്‍ റണ്‍ബീര്‍ കപ്പൂറിന്റെ അഭിനയത്തെ പ്രശംസിച്ച് ഒത്തിരി പേര്‍ രംഗത്തെത്തിയെങ്കിലും ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തില്‍ വില്ലനായി ബോബി ഡിയോളാണ് എത്തിയത്. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്‌സോഫീസില്‍ 800 കോടിയും കടന്ന് കുതിക്കുകയാണ് ചിത്രം.

Top