തൃശൂർ: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിൽ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീൻ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്.
ഈ പിക് അപ്പ് വാൻ നിർത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. കുന്നംകുളത്ത് പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോൾ കൈകാണിച്ചെങ്കിലും സ്വിഫ്റ്റ് ബസും നിർത്താതെ പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ബസ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.