പ്രതിപക്ഷ മഹാസഖ്യം ശാശ്വതമായാൽ, അത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വലിയ നേട്ടമാകും

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായാൽ അത്‌ സി.പി.എമ്മിനെ സംബന്ധിച്ചും വലിയ നേട്ടമാകും. മഹാരാഷ്ട്ര, ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സി.പി.എമ്മിനു സീറ്റുകൾ വിട്ടു നൽകാൻ മറ്റു പാർട്ടികൾക്കു തയ്യാറാകേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ മഹാരാഷ്ട്രയിലെ ദിണ്ഡോരി സീറ്റിൽ സി.പി.എമ്മിനു വിജയ സാധ്യത ഏറെയാണ്. കർഷക മേഖലയായ ഈ ലോകസഭ മണ്ഡലത്തിൽ സി.പി.എം കർഷക വിഭാഗമായ അഖിലേന്ത്യാ കിസാൻ സഭയ്ക്കു വലിയ സ്വാധിനമാണ് ഉള്ളത്. നിരവധി കർഷക സമരങ്ങളും ഈ മേഖലയിൽ സി.പി.എം നടത്തിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തെ തുടർന്ന് രണ്ടു ലോകസഭ സീറ്റുകളാണ്‌ മറാത്ത മണ്ണിൽ നിന്നും സി.പി.എം. ലക്ഷ്യമിടുന്നതെങ്കിലും സഖ്യത്തിന്റെ ഭാഗമായി വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ മത്സരം ദിണ്ഡോരി സീറ്റിൽ ഒതുക്കാനാണ് സാധ്യത. മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാൽ സി.പി.എം. ആവശ്യം നിരാകരിക്കാൻ കോൺഗ്രസ്സിനും എൻ.സി.പിക്കും കഴിയുകയില്ല. നൂറോളം പഞ്ചായത്തുകളിലാണ് സി.പി.എം. ഭൂരിപക്ഷം നേടിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് തനിച്ചു മല്‍സരിച്ച സിപിഎമ്മിന് അട്ടിമറി വിജയം സാധ്യമായിരിക്കുന്നത്. ഇതിനു പുറമെ, അനവധി പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.

സമീപകാല മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്രയധികം സീറ്റുകൾ നേടാന്‍ സി.പി.എമ്മിനു സാധിച്ചിരിക്കുന്നത്. ഈ മുന്നേറ്റത്തെ പ്രത്യയശാസ്ത്രത്തിന്റെ വിജയമെന്നാണ് സി.പി.എം. നേതൃത്വം വിശേഷിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭയും സി.പി.എമ്മും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

farmers rajasthan

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നേരിട്ടാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. പ്രധാനമായും നാസിക്, പാല്‍ഖര്‍, താനെ, അഹമ്മദ് നഗര്‍ എന്നീ ജില്ലകളില്‍ നിന്നായി 102 പഞ്ചായത്ത് പ്രസിഡന്റുമാരെയാണ് സി.പി.എമ്മിനു ഒറ്റയ്ക്കു വിജയിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. നാസിക് ജില്ലയില്‍ മാത്രം 59 പഞ്ചായത്തുകളില്‍ സിപിഎം വിജയിച്ചിട്ടുണ്ട്. സുര്‍ഗണ താലൂക്കില്‍ 33 പഞ്ചായത്തുകളും കല്‍വാന്‍ താലൂക്കില്‍ 8 പഞ്ചായത്തുകളിലും ത്രയമ്പകേശ്വര്‍ താലൂക്കില്‍ 7 പഞ്ചായത്തുകളിലുമാണ് ചെങ്കൊടി പാറിയിരിക്കുനത്. കൂടാതെ ദിണ്ഡോരി താലൂക്കില്‍ 6 പഞ്ചായത്തുകളിലും പേത് താലൂക്കില്‍ അഞ്ച് പഞ്ചായത്തുകളിലും സിപിഎം ആണ് നിലവിൽ ഭരിക്കുന്നത്.

പാല്‍ഘര്‍-താനെ ജില്ലയിലെ ദഹാനു താലൂക്കില്‍ 9 പഞ്ചായത്തുകളിലും ജവഹര്‍ താലൂക്കില്‍ 5 പഞ്ചായത്തുകളിലും തലാസരി, വിക്രംഗഡ്, വാഡ, ഷഹാപൂര്‍, മൂര്‍ബാദ് എന്നീ താലൂക്കുകളിലായി 12 പഞ്ചായത്തുകളിലും ഭരണം സി.പി.എമ്മിനു തന്നെയാണ് ലഭിച്ചിരിക്കുന്നത്. അഹമ്മദ് നഗര്‍ ജില്ലയിലെ അകോല്‍ താലൂക്കിൽ പോലും ആറ് പഞ്ചായത്തുകള്‍ നേടാന്‍ സി.പി.എമ്മിനു സാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് നൂറിലധികം ഗ്രാമപഞ്ചായത്തുകളില്‍ അനവധി സീറ്റുകളും സി.പി.എം നേടിയിരിക്കുന്നത്.

താനെയിലെ കിസാല്‍ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷയായി എസ്.എഫ്.ഐ നേതാവായിരുന്ന കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ കണക്കുകൾ എല്ലാം മുൻ നിർത്തി രണ്ടു ലോകസഭ സീറ്റുകൾ നൽകണമെന്ന് സി.പി.എം ആവശ്യപ്പെട്ടാൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് അത് നിരാകരിക്കാൻ കഴിയുകയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സി.പി.എം ഒറ്റയ്ക്കു കൂടുതൽ സീറ്റുകളിൽ മത്സരിച്ചാൽ അത് എൻ.സി.പിക്കും കോൺഗ്രസ്സിനും വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സി.പി.എമ്മിന്റെ ആവശ്യം ആംഗീകരിക്കപ്പെടാൻ തന്നെയാണ് സാധ്യത.

മഹാരാഷ്ട്രയിലെ സ്ഥിതി ഇതാണെങ്കിൽ ബീഹാറിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ, സി.പി.ഐ.എംഎൽ പാർട്ടികൾക്കായി ഓരോ സീറ്റുകൾ വീതം നീക്കി വയ്ക്കാൻ ആർ.ജെ.ഡി – ജെ.ഡി.യു സഖ്യം നിർബന്ധിക്കപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിനാണ് ബീഹാറിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരിക. നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സഖ്യത്തിൽ 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം 17 സീറ്റുകളും തൂത്ത് വാരിയപ്പോൾ 70 സീറ്റുകളിൽ ഇതേ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ്സിനു ലഭിച്ചത് കേവലം 19 സീറ്റുകൾ മാത്രമാണ്. ഈ കണക്കുകൾ ലോകസഭ സീറ്റ് നിർണ്ണയത്തിലും കോൺഗ്രസ്സിനു തിരിച്ചടിയായി മാറും.

തമിഴ്നാട്ടിൽ നിലവിൽ രണ്ട് എം.പിമാരാണ് സി.പി.എമ്മിനുള്ളത്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച സി.പി.എം ഇത്തവണയും രണ്ടു സീറ്റുകൾ നിലനിർത്താനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും ത്രിപുരയിൽ ആകെയുള്ള രണ്ടു ലോകസഭ സീറ്റുകളിൽ സി.പി.എമ്മും കോൺഗ്രസ്സും ഓരോ സീറ്റുകളിൽ പരസ്പര ധാരണയിൽ മത്സരിച്ചേക്കും. പശ്ചിമ ബംഗാളിൽ അടുത്തയിടെ നടന്ന ഉപതിരഞ്ഞടുപ്പിൽ ഇടതുപക്ഷ – കോൺഗ്രസ്സ് സഖ്യം അട്ടിമറി വിജയം നേടിയതിനാൽ അവിടെയും സഖ്യം തുടരും. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തൃണമൂൽ കോൺഗ്രസ്സ് ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരിക.

ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസ്സ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ബംഗാളിൽ പരസ്പരം പോരടിക്കേണ്ടി വരും. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ബി.ജെ.പി ഇത്തവണ ബംഗാളിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബി.ജെ.പിയെ തുരത്താൻ മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി യോജിപ്പിനു തയ്യാറാണെങ്കിലും കേരളത്തിൽ ഒരു ധാരണയ്ക്കും സി.പി.എം തയ്യാറല്ല. ഇവിടെ കോൺഗ്രസ്സിനും പ്രധാന ശത്രു സി.പി.എം. തന്നെയാണ്. ആകെയുള്ള 20 ലോകസഭ സീറ്റുകളിൽ കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ ഒതുങ്ങിപ്പോയ ഇടതുപക്ഷം ഇത്തവണ 17 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.

ദേശീയതലത്തിൽ സി.പി.എം. കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നതും കേരളത്തിൽ നിന്നു തന്നെയാണ്. പശ്ചിമ ബംഗാളിൽ അട്ടിമറി വിജയം നേടാൻ സാധിക്കുകയും മഹാരാഷ്ട്ര, ബീഹാർ, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നായി സീറ്റുകൾ നേടാനും സാധിച്ചാൽ 25 സീറ്റുകളിലെങ്കിലും സി.പി.എമ്മിനു മാത്രമായി വിജയിക്കാൻ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്കു കൂട്ടുന്നത്. അതായത് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യം രൂപം കൊള്ളുകയും അത് തിരഞ്ഞെടുപ്പ് ധാരണയിൽ എത്തുകയും ചെയ്താൽ തീർച്ചയായും അതുകൊണ്ട് സി.പി.എമ്മിനും വലിയ നേട്ടമാണ് ഉണ്ടാകാൻ പോകുന്നത് അക്കാര്യത്തിൽ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പോലും തർക്കമുണ്ടാവുമെന്നു തോന്നുന്നില്ല.

EXPRESS KERALA VIEW

Top