ചൂഷണങ്ങള്‍ക്കെതിരെ രാജ്യത്തെ ഐടി തൊഴിലാളികളും സംഘടിക്കുന്നു

ബെംഗളൂരു: ചൂഷണങ്ങള്‍ക്കെതിരെ രാജ്യത്തെ ഐടി മേഖലയിലെ തൊഴിലാളികളും സംഘടിക്കുന്നു.

ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളും തൊഴില്‍ ചൂഷണവും നേരിടാന്‍ തൊഴിലാളി യൂണിയന്‍ വേണമെന്ന ആശയത്തിലാണ് അവര്‍ ഒരുമിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലൂടെയും മറ്റ് ഐടി അധിഷ്ഠിത ജോലികളിലൂടെയും കോടികളാണ് വിവിധ കമ്പനികള്‍ ലാഭം കൊയ്യുന്നത്.

എന്നാല്‍, ഈ ലാഭം കൂട്ടാന്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കമ്പനികള്‍ അടുത്തകാലത്തായി നടപ്പാക്കുന്നത്.

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് അധിക ജോലി ഭാരം മറ്റു ജീവനക്കാരുടെ ചുമലില്‍ കെട്ടിവെക്കുന്ന കമ്പനികള്‍ ലാഭം പതിന്മടങ്ങ് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളം സംഘടിക്കാന്‍ തയാറായി ഐടി തൊഴിലാളികള്‍ മുന്നോട്ട് വരുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം രാജ്യത്തെ ഐടി ഹബ്ബുകളില്‍ ഒന്നായ ബെംഗളൂരുവില്‍ ഈ മാസം 20ന് ഐടി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ രൂപീകരണ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ബാംഗ്ലൂര്‍ കോറമംഗലയിലെ YWCA ഹാളില്‍ വെച്ച് ഉച്ചക്ക് 2 മണിക്ക് ചേരുന്ന ട്രേഡ് യൂണിയന്‍ രൂപീകരണ സമ്മേളനത്തിലേക്ക് ഐ ടി, ഐ ടി അധിഷ്ഠിത മേഖലയിലെ തൊഴിലാളികളെ പ്രതിനിധികരിച്ചുകൊണ്ടു നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Top