Italian motorcycle manufacturer- Ducati -Diavel

ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടിയുടെ ഓണസമ്മാനം എക്‌സ്ഡയാവല്‍.

അന്താരാഷ്ട്ര വിപണിയില്‍ രണ്ട് വേരിയന്റുകളാണ് ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ‘ഡ്യുക്കാട്ടി’യുടെ കൊടി പിടിക്കുന്നത്, മള്‍ട്ടി സ്ട്രാഡയും എക്‌സ്ഡയാവലും.

ഇതില്‍ മള്‍ട്ടി സ്ട്രാഡയുടെ മോഡലുകള്‍ ഇന്ത്യക്ക് പരിചയമുണ്ട്. മള്‍ട്ടി സ്ട്രാഡ 1200 എസ്, 959 പനിഗേല്‍, മള്‍ട്ടി സ്ട്രാഡ എന്‍ഡുറോ എന്നിവ കഴിഞ്ഞ മാസം ഇവിടെ അരങ്ങേറ്റം നടത്തിയിരുന്നു.

ഇപ്പോള്‍ എക്‌സ്ഡയാവലിനെയും ഇവിടെ പരിചയപ്പെടുത്താനൊരുങ്ങുകയാണ് ഡ്യുക്കാട്ടി. ഓണപ്പിറ്റേന്നായിരിക്കും എക്‌സ്ഡയാവലിന്റെ അവതരണം.

ഡ്യുക്കാട്ടിയുടെ ടെസ്റ്റാസ്‌ട്രെറ്റ ഡിവിടി 1,262 സി.സി. എഞ്ചിനാണ് എക്‌സ്ഡയാവലിന്. ഇത് 156 ബി.എച്ച്.പി. കരുത്ത് നല്‍കും. ആറ് സ്പീഡാണ് ഗിയര്‍ ബോക്‌സ്.

കുറഞ്ഞ ആര്‍.പി.എമ്മില്‍ത്തന്നെ ഊര്‍ജം സംഭരിക്കാനാകുമെന്നതാണ് കരുത്ത്. വേഗം കൈവരിച്ചു കഴിഞ്ഞാല്‍പ്പിന്നെ ചെയിനിന് പകരം ബെല്‍റ്റ് വഴിയായിരിക്കും ഡ്രൈവ്. പരമ്പരാഗത ക്രൂയിസര്‍ മോട്ടോര്‍ സൈക്കിളിന്റെ രീതിയാണിത്.

സ്‌പോര്‍ട്ട്, ടൂറിങ്, അര്‍ബന്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡാണ് ഉള്ളത്. എ.ബി.എസ്., ഇ.ബി.ഡി., തുടങ്ങിയ ഡ്യുക്കാട്ടി സേഫ്റ്റി പാക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി പവര്‍ ലോഞ്ച് തുടങ്ങിയവയാണ് സവിശേഷതകള്‍.

ഒപ്പം ക്രൂയിസ് കണ്‍ട്രോളും ഉണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എക്‌സ്ഡയാവല്‍, എക്‌സ്ഡയാവല്‍ എസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉള്ളത്. ഇവ രണ്ടും ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്.

എക്‌സ്ഡയാവല്‍ എസില്‍ ഫുള്‍ എല്‍.ഇ.ഡി. ലൈറ്റിങ് ക്ലസ്റ്റര്‍, ബ്ലൂ ടൂത്ത്, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എന്‍ജിന്‍ കവര്‍ തുടങ്ങിയവ ഉണ്ടെന്നതൊഴിച്ചാല്‍ രണ്ടിനും ഏതാണ്ട് ഒരേ സവിശേഷതകള്‍ തന്നെയാണ്.

ഏകദേശം 1520 ലക്ഷം രൂപയായിരിക്കും എക്‌സ്ഡയാവലിന്റെ വിപണി വില.

Top