റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തന്റെ പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയില്‍ നിന്ന് വേര്‍പിരിഞ്ഞതായി അറിയിച്ചു. മാധ്യമപ്രവര്‍ത്തകനായ ജിയാംബ്രൂണോ ടെലിവിഷനില്‍ നടത്തിയ ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് വേര്‍പിരിഞ്ഞതായി മെലോണി സോഷ്യല്‍മീഡിയ കുറിപ്പിലൂടെ അറിയിച്ചത്. 10 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഞങ്ങളുടെ പാതകള്‍ കുറച്ചുകാലമായി വ്യത്യസ്തമാണ്. അക്കാര്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മെലോണി പറഞ്ഞു.
മെലോണിക്കും ആന്‍ഡ്രിയ ജിയാംബ്രൂണോയ്ക്കും ഒരു മകളുണ്ട്. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംഎഫ്ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. ജിയാംബ്രൂണോ പരിപാടിക്കിടെ വനിതാ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമര്‍ശം നടത്തുന്നതും വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തു. തന്റെ അവിഹിത ബന്ധത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സഹപ്രവര്‍ത്തകരായ സ്ത്രീകളോട് ഗ്രൂപ്പ് സെക്സില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതും പുറത്തുവന്നു. മറ്റൊരു മാധ്യമമാണ് സംഭവം പുറത്തുവിട്ടത്.
കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതിന് നേരത്തെയും ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തന്റെ പങ്കാളിയുടെ അഭിപ്രായങ്ങളുടെ പേരില്‍ തന്നെ വിലയിരുത്തരുതെന്നും പങ്കാളിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം നല്‍കില്ലെന്നും മെലോണി പറഞ്ഞിരുന്നു.