ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊറോണയെന്ന് സംശയം

തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം വെള്ളനാട് സ്വദേശിക്ക് കൊറോണ ബാധയുള്ളതായി സംശയം. ഇയാളുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവാവ്.

ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രണ്ട് ദിവസം മുന്‍പ് യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ പനിലക്ഷണം തോന്നിയ ഇയാള്‍ ദിശ നമ്പറില്‍ വിളിച്ചറിയിക്കുകയും ആരോഗ്യവകുപ്പ് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോകും വഴി ഇയാള്‍ സമീപത്തെ ഒരു ജ്യൂസ് കടയില്‍ കയറിയതായി വിവരം കിട്ടിയിട്ടുണ്ട്.

ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആശുപത്രിയില്‍ അഞ്ചുപേരും വീട്ടില്‍ 160 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉളളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Top