ഇറ്റലിയില്‍ പ്രതിസന്ധി തുടരുന്നു; ലോകത്താകെ മരിച്ചത് 12,777 പേര്‍

ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000ത്തിലേക്ക്. ഒടുവിലത്തെ കണക്ക് പ്രകാരം മൊത്തം 12,777 കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 1397 പേര്‍ മരിച്ചു. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇറ്റലിയില്‍ 793 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 4,825 ആയി ഉയര്‍ന്നു. 53,578 പേര്‍ക്ക് ഇറ്റലിയില്‍ രോഗം ബാധിച്ചു.

ചൈനയില്‍ പുതിയതായി ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ മാത്രം മരണ സംഖ്യ 5000 കടന്നു. ഇതുവരെ 297,554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9141 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. സ്പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 285 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണം 1,378 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. മൊത്തം മരണം 282. ഇതുവരെ 22,132 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജര്‍മ്മനിയില്‍ മൊത്തം 77 പേര്‍ മരിച്ചു. ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Top