ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ആരോപിതരായ രണ്ടു പേരെ ഇറ്റാലിയന്‍ കോടതി കുറ്റവിമുക്തരാക്കി.
ജ്യൂസെപ്പ ഓര്‍സി, ബ്രൂണോ സ്പഞ്ഞോളിനി എന്നിവരെയാണ് മിലാനിലെ അപ്പീല്‍ കോടതി വെറുതെവിട്ടത്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ആരോപിതര്‍ക്കെതിരേ ആവശ്യമായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ വിധി തങ്ങളുടെ കേസിനെ ബാധിക്കില്ലെന്നാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിലപാട്. വിദേശത്ത് പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരേ തങ്ങളുടെ കൈവശം ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ പ്രതികരിച്ചു.