റോം: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ആണവപരീക്ഷണങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി ഇറ്റലി.
ഉത്തര കൊറിയയുടെ പുതിയ അംബാസിഡറോട് രാജ്യം വിട്ട് പോകാനാണ് ഇറ്റലി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയുമായി നടത്തിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ആഞ്ചെലോനോ അല്‍ഫോനോ ഇക്കാര്യം അറിയിച്ചത്.
”ആണവ പരീക്ഷങ്ങള്‍ക്കെതിരെ ശക്തമായ തീരുമാനം ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. അംബാസഡര്‍ രാജ്യം വിടേണ്ടിവരും” അല്‍ഫോാനോ വ്യക്തമാക്കി.
ഉത്തര കൊറിയയുടെ തീരുമാനങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ രാജ്യം ഒറ്റപെടുമെന്ന് അവരെ മനസിലാക്കിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, എന്നാല്‍ പുതിയ തീരുമാനം കാരണം നയതന്ത്രബന്ധത്തില്‍ യാതൊരു തകര്‍ച്ചയും ഉണ്ടാവില്ലയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ജൂലായിലാണ് പുതിയ അംബാസിഡറായി മുന്‍ ജോംഗ് നാമിനെ ഉത്തരകൊറിയ റോമിലേക്ക് അയച്ചത്. ഒരു വര്‍ഷം ഒഴിഞ്ഞു കിടന്ന പദവിയായിരുന്നു അതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നയതന്ത്രജ്ഞര്‍ റോമില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ഇറ്റാലിയന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
അന്താരാഷ്ട്ര സമൂഹം കിം ഭരണകൂടത്തോട് ആണവ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇറ്റലിയുടെ നീക്കം.
ഉത്തരകൊറിയന്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടാന്‍ കഴിഞ്ഞ ദിവസം ചൈന ഉത്തരവിട്ടിരുന്നു.
ഉത്തരകൊറിയക്കെതിരെ യുഎന്‍ പ്രഖ്യാപിച്ച ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ചൈനയുടെ നടപടി.
സ്ഥാപനങ്ങള്‍ ജനുവരിക്കുള്ളില്‍ പൂട്ടാനാണ് ഉത്തരവ്. ചൈന-ഉത്തരകൊറിയ സംയുക്ത സംരഭങ്ങളും 120 ദിവസത്തിനുള്ളില്‍ പൂട്ടണം.
ഇതുവഴി ഉത്തരകൊറിയയുടെ വിദേശ വരുമാനം ഇല്ലാതാക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം.
എന്നാല്‍ പുതിയ നടപടി ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ അന്തരീക്ഷത്തിന് വിള്ളലുണ്ടാക്കാനാണ് സാധ്യത.
നിലവില്‍ ഉത്തരകൊറിയയുടെ പ്രധാന വ്യാവസായിക പങ്കാളിയാണ് ചൈന. ഉത്തരകൊറിയയുടെ വരുമാനത്തിന്റെ 90 ശതമാനവും ചൈനയില്‍ നിന്നാണ്.
ഉത്തരകൊറിയയിലേക്കുള്ള പ്രകൃതി വാതക വിതരണവും ചൈന നിര്‍ത്തിവെക്കും. ഇവിടെ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയും തടയും.
ചൈനയില്‍ ഏകദേശം നൂറോള റെസ്റ്റോറന്റുകള്‍ ഉത്തരകൊറിയക്കാര്‍ നടത്തുന്നുണ്ട്. ബീജിങ്ങില്‍ മാത്രം 26 റെസ്റ്റോറന്റ് ഉണ്ട്. ഇതെല്ലാം പൂട്ടേണ്ടി വരും.
യുഎന്‍ ഉപരോധനത്തെ തുടര്‍ന്ന് കനത്ത നഷ്ടമാണ് ഉത്തരകൊറിയ നേരിടാന്‍ പോകുന്നത്