ഇറ്റലിയില്‍ മരിച്ചത് 168 പേര്‍, കണക്ക് പ്രകാരം ആഗോളതലത്തില്‍ പൊലിഞ്ഞത് 4000 ജീവന്‍

റോം: ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത് 168 പേര്‍. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇറ്റലിയില്‍ ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര്‍ മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തില്‍ നാലായിരത്തില്‍ അധികം ആളുകളാണ് കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞത്. അതേസമയം തുര്‍ക്കിയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന യാത്ര നിര്‍ദ്ദേശങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിദേശയാത്രകള്‍ നടത്തുന്നവര്‍ രോഗം വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി അടക്കമുള്ള രോഗം പടരുന്ന വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തിയവര്‍ 14 ദിവസത്തേക്ക് സ്വയം കരുതല്‍ സംരക്ഷണയില്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Top